മനാമ: പുതിയ ഗതാഗത നിയമലംഘന ശിക്ഷകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഭേദഗതികള്‍ അനുസരിച്ച്, ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നവര്‍ക്ക് ആറ് മാസത്തില്‍ കൂടാത്ത തടവും 200 മുതല്‍ 1,000 ബഹ്‌റൈന്‍ ദിനാര്‍ വരെ പിഴയും ലഭിക്കും. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ പ്രത്യേകിച്ച് സ്‌കൂളുകള്‍, ആശുപത്രികള്‍ അല്ലെങ്കില്‍ ആരാധനാലയങ്ങള്‍ എന്നിവയുടെ പരിസരത്ത് എത്തുമ്പോള്‍ വേഗത കുറയ്ക്കാത്തവര്‍ക്ക് 50 മുതല്‍ 100 ദിനാര്‍ വരെ പിഴ ചുമത്തും.
പൊതു സ്വത്തിനോ സ്വകാര്യ സ്വത്തിനോ നാശനഷ്ടമുണ്ടാക്കുന്ന അപകടത്തിന് കാരണമായാല്‍, മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും 1,000 മുതല്‍ 3,000 ബഹ്‌റൈന്‍ ദിനാര്‍ വരെ പിഴയും ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ചാല്‍ ഒരു വര്‍ഷം വരെ തടവും 1,000 മുതല്‍ 2,000 ബഹ്‌റൈന്‍ ദിനാര്‍ വരെ പിഴയും ലഭിക്കും.
റോയല്‍ ഡിക്രി-ലോ നമ്പര്‍ (31) 2025 പ്രകാരം, രാജ്യത്തെ പീനല്‍ കോഡിലെ പ്രധാന വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. പുതിയ നിയമപ്രകാരം ഒരാളുടെ അശ്രദ്ധ കാരണം മറ്റൊരാള്‍ മരിച്ചാല്‍ തടവോ പിഴയോ ശിക്ഷയായി ലഭിക്കും. രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവോ 2,000 മുതല്‍ 6,000 ദിനാര്‍ വരെ പിഴയോ ആയിരിക്കും ശിക്ഷ.
അശ്രദ്ധ കാരണം ഒന്നിലധികം മരണങ്ങള്‍ സംഭവിച്ചാല്‍ തടവ് ഏഴ് വര്‍ഷം വരെയും പിഴയും 10,000 ദിനാര്‍ വരെയും ശിക്ഷ ലഭിക്കും. കൂടുതല്‍ ഗുരുതരമായ സാഹചര്യങ്ങളില്‍ ശിക്ഷ 10 വര്‍ഷം വരെയാകാം. അശ്രദ്ധമൂലം ഒരാള്‍ക്ക് ശാരീരികമായ പരിക്കുകള്‍ സംഭവിച്ചാല്‍ ഒരു വര്‍ഷം വരെ തടവോ 200 ദിനാര്‍ വരെ പിഴയോ ശിക്ഷ ലഭിക്കും.
തൊഴില്‍പരമായ അശ്രദ്ധ, ലഹരി ഉപയോഗം, അല്ലെങ്കില്‍ അപകടത്തില്‍പ്പെട്ടയാളെ സഹായിക്കാതിരിക്കുക എന്നിവ കാരണം സ്ഥിരമായ പരിക്ക് സംഭവിച്ചാല്‍ ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവോ 8,000 ദിനാര്‍ വരെ പിഴയോ ലഭിക്കാം. ഒന്നിലധികം പേര്‍ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ ശിക്ഷ രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെ തടവായി വര്‍ദ്ധിക്കാം.