മനാമ: ആന്ധ്രപ്രദേശ് സ്വദേശികളായ രണ്ട് യുവതികള്‍ക്ക് ബഹ്‌റൈനില്‍ അന്ത്യനിദ്ര. അഞ്ച് വര്‍ഷമായി മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ അവകാശികളെത്തിയിരുന്നില്ല. തുടര്‍ന്ന് മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒടുവില്‍ ബന്ധുക്കളുടെ അനുമതിയോടെയാണ് മൃതദേഹം സംസ്‌ക്കരിച്ചത്.
2020 ല്‍ ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ മരിച്ച ഏലൂരു ജില്ലയിലെ കൊയ്യലഗുഡെം മണ്ഡലം സ്വദേശിയും 29 കാരിയുമായ സത്യവതി കൊറാഡ, ഇതേ വര്‍ഷം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച 48 കാരിയായ പൈദമ്മ പല്ലവകട എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ബഹ്‌റൈനിലെ ഹൈന്ദവ ശ്മശാനത്തില്‍ സംസ്‌കരിച്ചത്.
ബഹ്‌റൈനിലെ ബന്ധപ്പെട്ട വകുപ്പ് അധികൃതരും സാമൂഹിക പ്രവര്‍ത്തകനായ ഡിവി ശിവകുമാറും ചേര്‍ന്നാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചതെന്ന് തെലുങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹം ഏറ്റുവാങ്ങുകയോ അല്ലെങ്കില്‍ ബഹ്‌റൈനില്‍ തന്നെ സംസ്‌കരിക്കാനുള്ള അനുവാദം നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയുടേയും ആന്ധ്രപ്രദേശ് അധികൃതരുടെയും സഹകരണത്തോടെ ഇരുവരുടെയും കുടുംബങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളിലായിരുന്നു.
ഒടുവില്‍ ബഹ്‌റൈനില്‍ തന്നെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഇരുവരുടെയും കുടുംബങ്ങള്‍ സര്‍ക്കാരിന് അനുമതി നല്‍കിയതോടെയാണ് ഇന്നലെ സംസ്‌കാരം നടത്തിയത്. മരണമടഞ്ഞ പ്രവാസി വനിതകള്‍ക്കായി ബഹ്‌റൈന്‍ സര്‍ക്കാരും ഇന്ത്യന്‍ എംബസി അധികൃതരും നടത്തിയ മനുഷ്യത്വപരമായ സമീപനം പ്രശംസനീയമാണെന്ന് ശിവകുമാര്‍ പറഞ്ഞു.