മനാമ: കാറുകളില്‍ തീപിടിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി ഹിദ്ദ് പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ ഡോ. ഒസാമ ബഹാര്‍. വേനല്‍ക്കാലത്ത് ഉയര്‍ന്ന താപനില വാഹനങ്ങള്‍ക്ക് തീപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പെര്‍ഫ്യൂമുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, ലൈറ്ററുകള്‍ തുടങ്ങിയ തീപിടിക്കുന്ന വസ്തുക്കള്‍ കാറുകളില്‍ വെക്കുന്നത് ഒഴിവാക്കണമെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഈ വര്‍ഷം ഇതുവരെ ഏകദേശം 800 കാറുകള്‍ക്ക് തീപിടിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അല്‍ അമന്‍ ഷോയില്‍ സംസാരിക്കവെ ഡോ. ഒസാമ ബഹാര്‍ പറഞ്ഞു. വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് അദ്ദേഹം ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു. വാഹനങ്ങളില്‍ അഗ്‌നിശമന ഉപകരണങ്ങള്‍ സൂക്ഷിക്കാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്തു.
‘ഒരു കാറിന് പൂര്‍ണമായും തീപിടിക്കാന്‍ 20 മിനിറ്റ് എടുക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍, തീ പടരുന്നത് തടയാനും ആളുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും നടപടികള്‍ സ്വീകരിക്കാന്‍ 15 മിനിറ്റ് മതിയാകും.
ഒരു അഗ്‌നിശമന ഉപകരണത്തിന് ഏകദേശം 8 ദിനാര്‍ മാത്രമേ വിലയുള്ളൂ. വാഹനങ്ങള്‍ തീപിടിക്കാനുള്ള പ്രധാന കാരണം അശ്രദ്ധയും കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവവുമാണ്. പ്രത്യേകിച്ച് ഇലക്ട്രിക്കല്‍ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താത്തത് അപകടകരമാണ്. കേടായ ഭാഗങ്ങള്‍ മാറ്റുകയും എന്‍ജിനില്‍ ഉണ്ടാകുന്ന ചോര്‍ച്ചകള്‍ തടയുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.’, ഡോ. ഒസാമ ബഹാര്‍ പറഞ്ഞു.
വാഹനം ഓടിക്കുമ്പോള്‍ തീപിടിത്തമുണ്ടായാല്‍ ഉടന്‍ തന്നെ റോഡിന്റെ വശത്തേക്ക് മാറ്റി നിര്‍ത്തുക. എന്‍ജിന്‍ ഓഫ് ചെയ്ത് വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലത്തിലേക്ക് മാറണം. ശേഷം 999 ല്‍ വിളിച്ച് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ വിവരമറിയിക്കണം. തീപിടിത്തം എന്‍ജിനില്‍ മാത്രമാണെങ്കില്‍, ബോണറ്റ് ഉയര്‍ത്താതെ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.