മനാമ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഐസിഎഫ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന് തുടക്കമായി. ‘തിരുവസന്തം 1500’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കാമ്പയിന്‍ പരിപാടികള്‍ സെപ്റ്റംബര്‍ 30 വരെ നീണ്ടുനില്‍ക്കും.
കാമ്പയിനിന്റെ ഭാഗമായി റീജിയന്‍, യൂണിറ്റ് ഘടകങ്ങളിലായി സ്‌നേഹ സംഗമം, മീലാദ് ഫെസ്റ്റ്, മൊബൈല്‍ മൗലിദ്, മദീന ഗാലറി, മാസ്റ്റര്‍ മൈന്റ്, ഡെയ്‌ലി ക്വിസ്സ്, മിഡ്‌നൈറ്റ് ബ്ലും, മദ്ഹു റസൂല്‍ സമ്മേളനം എന്നിവ നടക്കും.
ഇന്ന് (റബീല്‍ അവ്വല്‍ 1) മുതല്‍ സപ്റ്റംബര്‍ നാല് വരെ നീണ്ടുനില്‍ക്കുന്ന പ്രതിദിന പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ ബഹ്‌റൈനിലെ 15 കേന്ദ്രങ്ങളിലായി നടക്കും. സെപ്റ്റംബര്‍ നാല് മുതല്‍ പതിനാല് വരെ ബഹ്‌റൈനിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന മദ്ഹു റസൂല്‍ സമ്മേളനങ്ങളില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യാതിഥിയായി പങ്കെടുക്കും.
ഐസിഎഫ് നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ കാബിനറ്റ് പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. കെസി സൈനുദ്ധീന്‍ സഖാഫി, അഡ്വ. എംസി അബ്ദുല്‍ കരീം, അബ്ദുല്‍ സലാം മുസ്ല്യാര്‍, ഉസ്മാന്‍ സഖാഫി, ശിഹാബുദ്ധീന്‍ സിദ്ദീഖി, ശമീര്‍ പന്നൂര്‍ എന്നിവര്‍ സംബന്ധിച്ചു.