മനാമ: ബഹ്‌റൈനില്‍ നാളെ സുഹൈല്‍ നക്ഷത്രം ഉദിക്കുമെങ്കിലും ചൂടിന് കുറവുണ്ടാകില്ലെന്ന് ബഹ്റൈന്‍ ജ്യോതിശാസ്ത്രജ്ഞനായ മുഹമ്മദ് റെദ അല്‍-അസ്ഫൂര്‍. താപനിലയിലെ മാറ്റത്തിന്റെ സൂചന നല്‍കുന്ന ഒരു പരമ്പരാഗത അടയാളമാണ് സുഹൈല്‍ നക്ഷത്രത്തിന്റെ ഉദയം.
സെപ്റ്റംബര്‍ 22 നാണ് രാജ്യത്ത് ശരത്കാലം ആരംഭിക്കുന്നത്. എന്നിരുന്നാലും ഒക്ടോബര്‍ വരെ ചൂട് ക്രമേണ തുടരും. ശരത്കാലത്ത് താപനില നേരിയ തോതില്‍ കുറയുമെങ്കിലും ഉയര്‍ന്ന ആര്‍ദ്രത കാരണം ചൂട് അനുഭവപ്പെടുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബര്‍ 27 ന് പകലും രാത്രിയും തുല്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഈ വാരാന്ത്യത്തില്‍ ഉയര്‍ന്ന താപനിലയും ആര്‍ദ്രതയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. താപനില 43° സെല്‍ഷ്യസ് വരെ ഉയരാനും ആര്‍ദ്രത 85% വരെ എത്താനും സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.