മനാമ: ഫ്‌ളാറ്റ് കൈമാറാന്‍ മൂന്ന് വര്‍ഷത്തിലേറെ കാലതാമസം വരുത്തിയ പ്രമുഖ നിര്‍മാണ കമ്പനിക്കെതിരെ ബഹ്റൈന്‍ ഹൈ സിവില്‍ കോടതിയുടെ നടപടി. വില്‍പന കരാര്‍ റദ്ദാക്കിയ കോടതി 75,000 ദിനാര്‍ തിരികെ നല്‍കണമെന്നും നഷ്ടപരിഹാരമായും കേസ് ചെലവായും 5,000 ദിനാര്‍ കൂടി നല്‍കണമെന്നും ഉത്തരവിട്ടു.
2022ല്‍ കൈമാറേണ്ടിയിരുന്ന ഫ്‌ളാറ്റിനായി 75,000 ദിനാര്‍ നല്‍കിയ ഗള്‍ഫ് പൗരനാണ് കോടതിയെ സമീപിച്ചത്. കരാര്‍ അനുസരിച്ച് ഫ്‌ളാറ്റ് കൈമാറാത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം നിയമനടപടിക്കൊരുങ്ങിയത്. ഈ കരാര്‍ ഒരു നിക്ഷേപമല്ല, വില്‍പ്പന കരാറാണെന്നും കോടതി ചൂണ്ടിക്കാട്ടി. സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്റെ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് കമ്പനി ഈ ഇടപാടിന് ശ്രമിച്ചതെന്നും കോടതി കണ്ടെത്തി.
ഫ്‌ളാറ്റിന്മേല്‍ കടബാധ്യതകളും, ജപ്തിയും, പണയവും ഉള്‍പ്പെടെയുള്ള നിരവധി നിയമപരമായ പ്രശ്‌നങ്ങളുണ്ടെന്നും കോടതി രേഖകളില്‍ പറയുന്നു. ഗള്‍ഫ് പൗരനെ പ്രതിനിധീകരിച്ച അഭിഭാഷക മറിയം അല്‍ ഖാജ വില്‍പ്പന റദ്ദാക്കാനും, പണം തിരികെ നല്‍കാനും, ചെലവുകളും നിയമപരമായ ഫീസുകളും ഉള്‍പ്പെടെ താല്‍ക്കാലിക നഷ്ടപരിഹാരമായി 5,001 ബഹ്റൈന്‍ ദിനാര്‍ നല്‍കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.