മനാമ: സിവില്‍ ഏവിയേഷന്‍ വാര്‍ഷിക സ്ഥിതിവിവരക്കണക്ക് റിപ്പോര്‍ട്ട് പ്രകാരം 2024 ല്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിച്ചത് 93 ലക്ഷത്തിലധികം യാത്രക്കാര്‍. ഇതുവരെയുണ്ടായ യാത്രക്കാരുടെ റെക്കോഡ് എണ്ണത്തില്‍ രണ്ടാംസ്ഥാനത്തും 2019ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കുമാണിത്.
ഗതാഗത, ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ ദശാബ്ദത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ശരാശരി 13 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി, ബഹ്റൈന്‍ എയര്‍പോര്‍ട്ട് സര്‍വിസസ്, ബഹ്റൈന്‍ ഏവിയേഷന്‍ ഫ്യൂവലിങ് കമ്പനി, ഡിഎച്ച്എല്‍ ഏവിയേഷന്‍ എന്നിവയുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കഴിഞ്ഞ വര്‍ഷം ആകെ 9,350,580 യാത്രക്കാര്‍ വിമാനത്താവളം വഴി യാത്ര ചെയ്തു. ഇത് 2023നെ അപേക്ഷിച്ച് 7 ശതമാനത്തിന്റെ വര്‍ധനവാണ്. ഇതില്‍ 4,719,438 പേര്‍ ബഹ്റൈനിലെത്തിയവരും 4,611,135 പേര്‍ പുറത്തേക്ക് യാത്ര ചെയ്തവരും 20,007 പേര്‍ ട്രാന്‍സിറ്റ് യാത്രക്കാരുമാണ്. 2023ല്‍ 93,648 വിമാനങ്ങളാണ് സര്‍വിസ് നടത്തിയത്. 2024ല്‍ അത് 101,534 ആയി ഉയര്‍ന്നു.