മനാമ: മയക്കുമരുന്ന് ഇറക്കുമതി ചെയ്ത കേസില്‍ 15 വര്‍ഷം തടവ് ശിക്ഷ ലഭിച്ച ഇന്ത്യന്‍ പ്രവാസിയെ അപ്പീല്‍ കോടതി വെറുതെവിട്ടു. കേസിലെ കൂട്ടാളികളെക്കുറിച്ച് പൊലീസിന് വിവരങ്ങള്‍ നല്‍കിയതിനാണ് പ്രതിക്ക് കോടതി ശിക്ഷയില്‍ ഇളവ് നല്‍കിയത്.
ഹെറോയിന്‍, മെത്താംഫെറ്റാമിന്‍, ട്രമഡോള്‍ എന്നിവ വില്‍പന നടത്താനും വ്യക്തിപരമായ ഉപയോഗത്തിനും കൈവശം വെച്ചതിനുമാണ് കഴിഞ്ഞ ജൂണില്‍ ഇയാളെ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയത്. 15 വര്‍ഷം തടവിന് പുറമെ 5,000 ദിനാര്‍ പിഴയും ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും ഹൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടിരുന്നു.
സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതിയില്‍ പ്രതിയുടെ അഭിഭാഷകന്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് മയക്കുമരുന്ന് വില്‍പന നടത്തിയെന്ന കുറ്റത്തിന് ചുമത്തിയ തടവ് ശിക്ഷയും പിഴയും റദ്ദാക്കി. മയക്കുമരുന്ന് ഉപയോഗിച്ചതിന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും നാടുകടത്തല്‍ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.
വിസിറ്റ് വിസയില്‍ ബഹ്റൈനിലെത്തിയ ഇയാള്‍ മനാമ സൂഖിലെ ഒരു ടൈലറിംഗ് കടയില്‍ 200 ദിനാര്‍ ശമ്പളത്തില്‍ ജോലി ചെയ്യുകയായിരുന്നു. അവിടെനിന്ന് പരിജയപ്പെട്ട പാകിസ്താന്‍ സ്വദേശികളായ ജമാല്‍, ജവാദ് എന്നിവരില്‍ നിന്ന് മെത്ത് ഉപയോഗിക്കാന്‍ തുടങ്ങിയ ഇയാളെ പിന്നീട് അവര്‍ അവരുടെ സംഘത്തില്‍ ചേര്‍ക്കുകയായിരുന്നു.
അവര്‍ സൗജന്യമായി മയക്കുമരുന്ന് വാഗ്ദാനം ചെയ്യുകയും വിതരണക്കാര്‍ക്ക് എത്തിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ, മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരനായ ജവാദ് ഇന്ത്യക്കാരന്റെ പേരില്‍ 1,100 ട്രമഡോള്‍ ഗുളികകളുടെ ഒരു പാക്കേജ് അയച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഈ പാക്കേജ് കണ്ടെത്തുകയും പോസ്റ്റ് ഓഫിസില്‍നിന്ന് ഇത് വാങ്ങാന്‍ ചെന്ന ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.