മനാമ: പീരുമേട് എം എൽ എ യും എ ഐ ടി യു സി നേതാവുമായിരുന്ന വാഴൂർ സോമന്റെ നിര്യാണത്തിൽ ബഹ്‌റൈൻ നവകേരള അനുശോചന യോഗം നടത്തി. വാഴൂർ സോമൻ അവകാശ പോരാട്ടങ്ങളിൽ വീറോടെ നിലയുറപ്പിച്ച മികച്ച ട്രേഡ്‌യൂണിയൻ പ്രവർത്തകനും ജനപ്രതിനിധിയും ആയിരുന്നു.
തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കും ജീവിതാഭിവൃദ്ധിക്കും വേണ്ടി സ്വജീവിതം നീക്കിവെച്ച ഉത്തമനായ മികച്ച ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു വാഴൂർ സോമൻ .അവകാശ പോരാട്ടങ്ങളിൽ വീറോടെ നിലയുറപ്പിക്കുകയും ശാരീരികമർദ്ദനങ്ങളടക്കമുള്ള ത്യാഗങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു അദ്ദേഹം.
ജനപ്രതിനിധിയായപ്പോഴും അല്ലാത്തപ്പോഴും ഇടുക്കി ജില്ലയിലെ ജനങ്ങളുടെ സവിശേഷമായ വിഷയങ്ങളിൽ ഇടപെടാനും പരിഹാരം കാണാനും അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. എ.ഐ.ടി.യു.സിയുടെ സംസ്ഥാന ഭാരവാഹി എന്ന നിലയിലും തോട്ടം തൊഴിലാളി ഫെഡറേഷൻ്റെ ജനറൽ സെക്രട്ടറി എന്ന നിലയിലും തൊഴിലാളി സമരങ്ങളുടെ മുൻനിരയിൽ എക്കാലവും അദ്ദേഹം നിലയുറപ്പിച്ചു.
ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോഴും നിലവിൽ കേരള നിയമസഭാംഗം എന്ന നിലയിലും അദ്ദേഹത്തിൻ്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇടതുപക്ഷ ഐക്യത്തിൻ്റെ ശക്തനായ വക്താവും പോരാളിയുമായിരുന്നു വാഴൂർ സോമൻ.ഇടതുപക്ഷ,
തൊഴിലാളി പ്രസ്ഥാനത്തിനും അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നു അനുശോചനയോഗത്തിൽ വിവിധ നേതാക്കൾ പറഞ്ഞു.