മനാമ: മകള്‍ പറത്തിയ വിമാനത്തില്‍ യാത്രക്കാരനായി വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ പ്രസിഡന്റും ബഹ്റൈന്‍ പ്രവാസിയുമായിരുന്നു സതീഷ് മുതലയില്‍. മകള്‍ ശ്രുതി സതീഷ് (32) പൈലറ്റായ ഇന്‍ഡിഗോയുടെ കൊച്ചി-ബഹ്റൈന്‍ വിമാനത്തിലാണ് ആര്‍ക്കിടെക്ടായ സതീഷ് യാത്ര ചെയ്തത്.
ശനിയാഴ്ച വൈകിട്ട് ഏഴരയ്ക്കുള്ള വിമാനത്തിലായിരുന്നു ഈ അപൂര്‍വത. ‘ഇത് എനിക്ക് വളരെ പ്രത്യേകതയുള്ള ഫ്‌ളൈറ്റാണ്. എന്റെ ആകാശ യാത്രയ്ക്ക് പിന്തുണ നല്‍കിയ വ്യക്തി ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ട്. അത് മറ്റാരുമല്ല, എന്റെ അച്ഛനാണ്. അദ്ദേഹത്തിന്റെ അചഞ്ചലമായ പിന്തുണ ആയിരക്കണക്കിന് അടി ഉയരത്തില്‍ പറക്കാന്‍ എനിക്ക് എല്ലാ ശക്തിയും നല്‍കി. സ്വാഗതം, പപ്പാ, വിമാനത്തിലേക്ക് സ്വാഗതം.”, ശ്രുതി വിമാനത്തില്‍ വെച്ച് പറഞ്ഞത് ഇങ്ങനെയാണ്.
കണ്ണൂരിലെ പറശ്ശിനിക്കടവ് സ്വദേശിയായ സതീഷ് 40 വര്‍ഷത്തോളം ബഹ്‌റൈനില്‍ പ്രവാസിയായിരുന്നു. ശ്രുതിയുടെ സ്‌കൂള്‍ പഠനവും മനാമയിലെ ഇന്ത്യന്‍ സ്‌കൂളില്‍ ആയിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കോസ്റ്റ് ഗാര്‍ഡ് പൈലററ്റായിരുന്ന ശ്രുതി നിലവില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ഫസ്റ്റ് ഓഫീസറാണ്.
കോസ്റ്റ് ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡന്റായിരുന്നു ശ്രുതി. നാട്ടിക സ്വദേശിയും പൈലറ്റുമായ ദേവരാജ് ഇയ്യാനിയാണ് ജീവിത പങ്കാളി. ദേവരാജ് മുമ്പ് കോസ്റ്റ് ഗാര്‍ഡില്‍ കമന്‍ഡാന്റായിരുന്നു. ഒന്നര വര്‍ഷം മുന്‍പ് വിരമിച്ച ഇരുവരും തുടര്‍ന്നാണ് ഇന്‍ഡിഗോയിലെത്തിയത്. ഗള്‍ഫിലേക്കും മാലിദ്വീപിലേക്കുമുള്ള വിമാനങ്ങളാണ് ഇരുവരും പറത്തുന്നത്. ഒപ്പം ആഭ്യന്തര സര്‍വീസുകളും നടത്തുന്നു. 2018 ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇരുവരും ഭാഗമായിരുന്നു.