മനാമ: ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂര്‍വ്വം’ അടിസ്ഥാനമാക്കി ഐസിഎഫ് പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇന്റര്‍നാഷണല്‍ തലത്തില്‍ ബുക്ക് ടെസ്റ്റ് മത്സരം സംഘടിപ്പിക്കുന്നു. മത്സരം ആഗസ്റ്റ് 29 ന് ബഹ്‌റൈനില്‍ ഏഴ് കേന്ദ്രങ്ങളിലായി നടക്കും.
കനല്‍ പഥങ്ങളിലൂടെ സഞ്ചരിച്ച് സമൂഹത്തിന് ദിശാബോധം നല്‍കുകയും പിന്നോക്കം നിന്നിരുന്ന സമൂഹത്തെ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നതിയിലെത്തിച്ച് സമൂഹത്തിന് മാതൃകയായ ഒരു മഹാമനീഷിയുടെ വ്യക്തി ജീവിതം വരച്ചു കാണിക്കുന്ന പുസ്തകമാണ് ‘വിശ്വാസപൂര്‍വ്വം’. എല്ലാവരും വായിച്ചിരിക്കേണ്ടതും ജീവിതത്തില്‍ പകര്‍ത്തേണ്ടതുമായ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട പുസ്തകം പരീക്ഷക്കായി തെരെഞ്ഞെടുത്തത് ഇക്കാരണങ്ങള്‍ കൊണ്ടാണ്.
വര്‍ത്തമാനകാലത്ത് കാന്തപുരം ഉയര്‍ത്തിപ്പിടിച്ച മാനവിക മൂല്യങ്ങളും കാഴ്ചപ്പടുകളും സമൂഹം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. തന്റെ വിശ്വാസത്തിന്റെ ശക്തമായ പ്രേരണയാണ് നിമിഷ പ്രിയ ഉള്‍പ്പെടെയുള്ളവരുടെ വിഷയത്തില്‍ ഇടപെട്ടതെന്ന് അദ്ധേഹം പറഞ്ഞിരുന്നു. സ്‌കൂള്‍ സമയ മാറ്റത്തില്‍ അദ്ദേഹം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ സമൂഹം വലിയ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്.
ബഹ്‌റൈന്‍ നാഷണല്‍ തലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന വിജയികള്‍ക്ക് സ്വര്‍ണ്ണ കോയിന്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഐസിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്.