മനാമ: വാണിജ്യ മത്സ്യബന്ധനം നടത്തുന്നതിന് ഔദ്യോഗിക ലൈസന്‍സ് നിര്‍ബന്ധമാക്കി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്‌സിഇ). സമുദ്രവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. എല്ലാ മത്സ്യത്തൊഴിലാളികളും എത്രയും പെട്ടെന്ന് ലൈസന്‍സിനായി അപേക്ഷിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്താനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നടപടിയാണിത്. എല്ലാ വാണിജ്യ മത്സ്യത്തൊഴിലാളികള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാണെന്നും സുപ്രീം കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതിനുള്ള അപേക്ഷകള്‍ bahrain.bh എന്ന ദേശീയ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷകന്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള ബഹ്‌റൈന്‍ പൗരനായിരിക്കണം. മത്സ്യബന്ധനത്തിന് ശാരീരികക്ഷമത തെളിയിക്കുകയും വേണം. ഒരു വര്‍ഷത്തേക്ക് കാലാവധിയുള്ള ഈ ലൈസന്‍സ് ഇതേ വ്യവസ്ഥകളില്‍ പുതുക്കാവുന്നതാണ്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള ലൈസന്‍സ് ആയതിനാല്‍ കൈമാറ്റം ചെയ്യാനാവില്ല. ലൈസന്‍സില്‍ രേഖപ്പെടുത്തിയ തൊഴിലുടമയ്ക്ക് കീഴിലല്ലാതെ മറ്റൊരാള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അനുവാദമില്ല.