മനാമ: സിഐഡി ഏജന്റാണെന്ന് അവകാശപ്പെട്ട് പ്രവാസികളില്‍നിന്ന് പണം തട്ടിയ 23 കാരനായ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍. ബഹ്റൈനിലെ ഒരു മൊബൈല്‍ കടയിലെ ജീവനക്കാരനായ പ്രതിക്കെതിരെ ഹൈ ക്രിമിനല്‍ കോടതിയില്‍ ഇന്നലെ കേസ് ഫയല്‍ ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെയും (സിഐഡി) ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിലെയും (എല്‍എംആര്‍എ) അംഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചതിനും പ്രോസിക്യൂട്ടര്‍മാര്‍ ഇയാള്‍ക്കെതിരെ കേസെടുത്തു.
വ്യാജ ഐഡി കാര്‍ഡ് കാണിച്ച ശേഷം വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടുകയും നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുകയും ചെയ്യും. പണം നല്‍കിയില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും പൊലീസ് പറഞ്ഞു.
വ്യാജരേഖ ചമക്കല്‍, വ്യാജരേഖ ഉപയോഗിക്കല്‍, പണം തട്ടാന്‍ ശ്രമിക്കല്‍, പൊതു സുരക്ഷാ ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം, റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
രഹസ്യവിവരങ്ങളെ തുടര്‍ന്ന് ഗുദൈബിയയിലെ ഒരു മൊബൈല്‍ കടക്ക് സമീപത്ത് നിന്നാണ് പ്രതി പിടിയിലായത്. പൊലീസിനെ കണ്ടപ്പോള്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും കൈയിലുണ്ടായിരുന്ന വ്യാജ ഐഡി കാര്‍ഡുകള്‍ വലിച്ചെറിയുകയും ചെയ്തു.