മനാമ: പുതിയ അധ്യയന വര്‍ഷത്തെക്കുറിച്ച് രക്ഷിതാക്കളെ അറിയിക്കുന്നതിനായി പൊതുവിദ്യാലയങ്ങളില്‍ രക്ഷാകര്‍തൃ പ്രവേശന ദിനം സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ നടന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് കിരീടാവകാശി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
പൊതുവിദ്യാലയങ്ങളില്‍ അക്കാദമിക് മികവ് വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാനും വിദ്യാഭ്യാസ മന്ത്രാലയത്തിന് അദ്ദേഹം നിര്‍ദേശം നല്‍കി. 2025-2026 അധ്യയന വര്‍ഷം സെപ്റ്റംബര്‍ മൂന്നിനാണ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി മന്ത്രാലയം സ്‌കൂളുകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും ക്ലാസ് മുറികളില്‍ എയര്‍ കണ്ടീഷണറുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.