മനാമ: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരുടെ തസ്തികകള്‍ ബഹ്റൈന്‍ പൗരന്മാര്‍ക്ക് മാത്രമായി സംവരണം ചെയ്യാന്‍ ആവശ്യപ്പെട്ട് എംപി അബ്ദുല്‍ വാഹിദ് ഖരാത്തയുടെ നേതൃത്വത്തില്‍ നാല് എംപിമാര്‍. ജോലി എന്നത് ഒരു മൗലികാവകാശവും രാജ്യത്തിന്റെ കടമയുമാണെന്നും പൗരന്മാര്‍ക്ക് ന്യായമായ തൊഴിലവസരങ്ങള്‍ ഉറപ്പാക്കണമെന്നും ഖരാത്ത പറഞ്ഞു.
ഈ നിര്‍ദേശം നടപ്പാക്കിയാല്‍ തൊഴിലില്ലായ്മ കുറക്കാനും രാജ്യത്തിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ പൗരന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് എംപി പറഞ്ഞു. പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലമിന് സമര്‍പ്പിച്ച പ്രമേയം സര്‍വിസ് കമ്മിറ്റിയുടെ പരിശോധനക്ക് കൈമാറി.
ഈ ജോലികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലെന്നും അതിനാല്‍ തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ താല്‍പര്യമുള്ള ബഹ്റൈനി യുവജനങ്ങള്‍ക്ക് ഇത് മികച്ച അവസരമാകുമെന്നും ഖരാത്ത പറഞ്ഞു. സുരക്ഷാമേഖലയില്‍ സ്വദേശി വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നത് സാമൂഹിക സ്ഥിരത മെച്ചപ്പെടുത്തുമെന്നും അത് ബഹ്റൈനിന്റെ അന്താരാഷ്ട്ര പ്രതിച്ഛായക്ക് ഗുണപരമായി മാറുമെന്നും എംപിമാര്‍ കൂട്ടിച്ചേര്‍ത്തു.
ഗവണ്‍മെന്റ് സ്‌കൂളുകള്‍, ആശുപത്രികള്‍, മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ജോലികള്‍ ബഹ്റൈനികള്‍ക്ക് മാത്രമായി നീക്കിവെക്കാന്‍ ഈ നിയമം സഹായിക്കുമെന്ന് ഖരാത്ത ചൂണ്ടിക്കാട്ടി. നിലവില്‍ നിരവധി പ്രവാസികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.