മനാമ: ബഹ്റൈനില്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിര താമസമാക്കിയ പ്രവാസികളെ ഏകോപിപ്പിച്ച് കൊല്ലം ജില്ല കേന്ദ്രമാക്കി ബഹ്റൈന്‍ കൊല്ലം എക്‌സ് പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബഹ്റൈനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷന്റെ കീഴില്‍ പ്രവാസികള്‍ക്കും എക്‌സ് പ്രവാസികള്‍ക്കും ഗുണകരമാകുന്ന തരത്തിലായിരിക്കും സംഘടനയുടെ പ്രവര്‍ത്തനം.
കൊല്ലത്തു നിന്നും ബഹ്റൈനിലേക്ക് പോകുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുക, ബഹ്റൈനിലെ തൊഴിലവസരങ്ങള്‍ അറിയിക്കുക, ബഹ്റൈനില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നാട്ടിലെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക, ബഹ്റൈന്‍ പ്രവാസികളുടെ നാട്ടിലെ കുടുംബത്തിന് ആവശ്യമായ സംരക്ഷണം നല്‍കുക, ആരോഗ്യ പരിപാലനത്തിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുക, പ്രവാസി പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കുക, കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് അസോസിയേഷന്‍ മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍.
കഴിഞ്ഞ ദിവസം കൊല്ലം സീ ഫോര്‍ യു ഹാളില്‍ കൂടിയ പ്രഥമ സംഗമത്തില്‍ നിരവധി എക്‌സ് ബഹ്റൈന്‍ പ്രവാസികള്‍ പങ്കെടുത്തു. കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ അദ്ധ്യക്ഷനായ സംഗമത്തില്‍ കെപിഎ സ്ഥാപക പ്രസിഡന്റ് നിസാര്‍ കൊല്ലം എക്‌സ് പ്രവാസി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സംസാരിച്ചു. തുടര്‍ന്ന് കിഷോര്‍ കുമാര്‍ കണ്‍വീനറായും, ഹരി, നാരായണന്‍, നിസാമുദ്ധീന്‍, അഭിലാഷ്, സജിത്ത്, എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായും ആറു മാസത്തേക്കുള്ള അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു.
സംഗമത്തിന് കിഷോര്‍ കുമാര്‍ നേതൃത്വം നല്‍കി. കൊല്ലത്തുള്ള എക്‌സ് ബഹ്റൈന്‍ പ്രവാസികള്‍ക്ക് അസോസിയേഷനില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും, അസോസിയേഷനില്‍ അംഗമാകാനും കിഷോര്‍കുമാര്‍-9207932778, നാരായണന്‍ കെ- 9446662002 എന്നിവരുമായി ബന്ധപ്പെടുക.