മനാമ: താമസ-തൊഴില്‍ നിയമലംഘനം നടത്തിയ 83 പ്രവാസികളെ കൂടി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) നാടുകടത്തി. നിയമ ലംഘകരെ കണ്ടെത്താന്‍ ആഴ്ചതോറും പരിശോധനകള്‍ നടത്താറുണ്ട്. ആഗസ്റ്റ് 17 മുതല്‍ 23 വരെ എല്‍എംആര്‍എ ബഹ്റൈനിലുടനീളം 1728 പരിശോധനകളാണ് നടത്തിയത്.
പരിശോധനയില്‍ 24 അനധികൃത തൊഴിലാളികളെ കണ്ടെത്തി. ആഭ്യന്തര മന്ത്രാലയം, സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്, സാമൂഹിക ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍, ആരോഗ്യ മന്ത്രാലയം, വ്യവസായ-വാണിജ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധനകള്‍.
തൊഴില്‍ വിപണി, സാമ്പത്തിക സ്ഥിരത, സാമൂഹിക സുരക്ഷ എന്നിവയെ ദോഷകരമായി ബാധിക്കുന്ന നിയമലംഘനങ്ങള്‍ തടയുന്നതിനായി സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് പരിശോധന കാമ്പയിനുകള്‍ ശക്തമാക്കുമെന്ന് എല്‍എംആര്‍എ വ്യക്തമാക്കി.