ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷം; വിപുലമായ പരിപാടികള്‍

New Project - 2025-08-27T202850.721

 

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷമായ ‘ശ്രാവണം 2025’ ന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികള്‍ നടത്തുമെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, ശ്രാവണം ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിന്റെ സാംസ്‌കാരികവും കലാപരവുമായ ഓണ പൈതൃകവും ആധുനിക മലയാളി സമൂഹത്തിന്റെ കലാഭിരുചികളും സമ്മിശ്രമായി പുതുതലമുറക്ക് പരിചയപ്പെടുത്താനാണ് എല്ലാകാലത്തും ശ്രമിക്കാറുള്ളതെന്ന്
സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണന്‍ പിള്ള പറഞ്ഞു. കേരളത്തിന് പുറത്ത് മലയാളികള്‍ക്കിടയില്‍ നടക്കുന്ന ഓണാഘോഷങ്ങളിലെ ഏറ്റവും വിപുലവും ദീര്‍ഘവുമായ പരിപാടികള്‍ക്കാണ് സമാജം നേതൃത്വം നല്‍കുന്നത്.

ഓണാഘോഷത്തിന്റെ ചരിത്രപരവും സാമൂഹികവുമായ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്ന പിള്ളേരോണം സംഘടിപ്പിച്ചുകൊണ്ട് ആഗസ്റ്റ് 29ന് രുചി മേള സംഘടിപ്പിക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ രുചി ഭേദങ്ങളെ പരിചയപ്പെടുത്താനും ആസ്വദിക്കാനുമുള്ള മികച്ച അവസരമായിരിക്കും രുചി മേള.

സെപ്റ്റംബര്‍ ഒന്നിന് ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങായ കൊടിയേറ്റം സംഘടിപ്പിക്കും. സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള കൊടികയറ്റി ഉദ്ഘാടനം നിര്‍വഹിക്കും. സെപ്റ്റംബര്‍ നാലിന് ബഹറൈനിലെ പ്രമുഖ സംഘടനകളും കൂട്ടായ്മകളും പങ്കെടുക്കുന്ന വാശിയേറിയ കമ്പവലി മത്സരം നടക്കും.

സെപ്റ്റംബര്‍ അഞ്ചിന് ഗായകന്‍ പി ജയചന്ദ്രന്റെ അനശ്വര ഗാനങ്ങളുമായി ഗാനമേളയില്‍ മലയാളത്തിലെ പിന്നണി ഗായകരായ പന്തളം ബാലന്‍, രവിശങ്കര്‍, പ്രമീള തുടങ്ങിയവര്‍ പങ്കെടുക്കും. പി ജയചന്ദ്രന്റെ ജീവിതത്തെയും ഗാനങ്ങളെയും സ്മരിച്ചുകൊണ്ട് മലയാളത്തിലെ ഗാനസാഹിത്യ മേഖലയിലെ പ്രമുഖ എഴുത്തുകാരന്‍ രവി മേനോന്റെ പ്രഭാഷണം, സെപ്റ്റംബര്‍ ആറിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫോക്ക് ഡാന്‍സ് അവതരണങ്ങള്‍. സെപ്റ്റംബര്‍ ഏഴിന് ഓണപുടവ മത്സരം എന്നിവ നടക്കും.

സെപ്റ്റംബര്‍ എട്ടിന് ബികെഎസ് എന്റര്‍ടൈന്റ്‌മെന്റ് വിഭാഗം സംഘടിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, സെപ്റ്റംബര്‍ ഒന്‍പതിന് ഓണപ്പാട്ടുമത്സരം, സെപ്റ്റംബര്‍ പത്തിന് എന്റെ കേരളം എന്ന വിഷയത്തില്‍ ക്വിസ് മത്സരം, സെപ്റ്റംബര്‍ 11ന് ഐഡിയ സ്റ്റാര്‍ സിംഗേഴ്‌സിലെ അനുശ്രീ, നന്ദ, ബലറാം, ശ്രീരാഗ് തുടങ്ങിയ യുവ ഗായകരുടെ ഗാനമേള നടക്കും.

സെപ്റ്റംബര്‍ 12ന് രാവിലെ പൂക്കള മത്സരം, വൈകുന്നേരം മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര, മധു ബാലകൃഷ്ണന്‍, നിഷാദ്, അനാമിക തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേള, സെപ്റ്റംബര്‍ 13ന് പായസമത്സരം തുടര്‍ന്ന് തിരുവാതിര മത്സരം, സെപ്റ്റംബര്‍ 14ന് ഇന്ത്യന്‍ ട്രഡീഷണല്‍ കോസ്റ്റ്യൂം മത്സരങ്ങള്‍, സെപ്റ്റംബര്‍ 15ന് ആരവം മരം ബാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍ എന്നിവ നടക്കും.

സെപ്റ്റംബര്‍ 16, 17 ദിവസങ്ങളില്‍ വിവിധ നടന്‍ കളികളുടെ അവതരണം, സെപ്റ്റംബര്‍ 18ന് കബഡി മത്സരം, സെപ്റ്റംബര്‍ 19ന് ബാല്യക്കാലത്ത് തന്നെ വയലിന്‍ വായനയില്‍ പ്രതിഭ തെളിയിച്ച പ്രശസ്ത വയലിനിസ്റ്റ് ഗംഗ ശശിധരന്റെ വയലിന്‍ അവതരണം. സെപ്റ്റംബര്‍ 20ന് ബഹ്‌റൈനിലെ പ്രമുഖ ഡാന്‍സ് ടീമുകള്‍ തമ്മിലുള്ള സിനിമാറ്റിക് ഡാന്‍സ് മത്സരം, സെപ്റ്റംബര്‍ 21ന് മ്യൂസിക് ഫ്യൂഷന്‍ ഫിയസ്റ്റ നടക്കും.

സെപ്റ്റംബര്‍ 22ന് തരംഗ് നൃത്ത സംഗീത പരിപാടി, സെപ്റ്റംബര്‍ 25ന് മ്യൂസിക് ഡാന്‍സ് ഡ്രാമ വിദ്യാവലി, സെപ്റ്റംബര്‍ 26ന് ആര്യദയാലും സച്ചിന്‍ വാര്യരും അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ബാന്‍ഡ് ഷോ, സെപ്റ്റംബര്‍ 27ന് മെഗാ തിരുവാതിര അവതരണം, ഒക്ടോബര്‍ ഒന്നിന് മലയാളത്തിലെ പ്രശസ്ത സംഗീതജ്ഞനും പിന്നണി ഗായകനുമായ വിദ്യാധരന്‍ മാസ്റ്ററുടെ സംഗീത രംഗത്തെ വിപുലമായ സംഭാവനകള്‍ പരിഗണിച്ച് സംഘടിപ്പിക്കുന്ന പാട്ടുകള്‍ എന്നിവ നടക്കും. മുഖ്യാതിഥിയായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പങ്കെടുക്കും.

ഒക്ടോബര്‍ രണ്ടിന് നടക്കുന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് മുഖ്യാതിഥിയായി വിദ്യ അയ്യര്‍ ഐഎഎസ് പങ്കെടുക്കും. ഒക്ടോബര്‍ മൂന്നിന് പ്രമുഖ പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി ഒരുക്കുന്ന അയ്യായിരത്തോളം പേര്‍ പങ്കെടുക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.

വര്‍ഗീസ് ജോര്‍ജ് (39291940) ജനറല്‍ കണ്‍വീനറും, ഹരികൃഷ്ണന്‍, നിഷാ ദിലീഷ്, രാജേഷ് കെപി, അഭിലാഷ് വെള്ളുക്കൈ, അനിത തുളസി, രജനി മേനോന്‍, സജ്ന നൗഷാദ് തുടങ്ങിയവര്‍ ജോയിന്‍ കണ്‍വീനര്‍മാരായ നൂറില്‍ അധികം വരുന്ന സമാജം ശ്രാവണം ഓണാഘോഷ കമ്മിറ്റിയുടെ കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!