അബുദാബി: അബുദാബിയിൽ ഇനിമുതൽ ഡ്രൈവിങ് ടെസ്റ്റ് സ്മാർട്ടാക്കുന്നു. നൂതന സാങ്കേതികതയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വാഹനത്തിലായിരിക്കും ഇനി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടത്തുക. സ്മാർട്ട് ഡ്രൈവിങ് ടെസ്റ്റ് നിലവിൽ വരുന്നതോടെ വാഹനവകുപ്പിന്റെ രീതികൾ പാലിച്ച് കൃത്യതയോടെ വാഹനമോടിച്ചാൽ മാത്രമായിരിക്കും ലൈസൻസ് ലഭിക്കുക.
ഉദ്യോഗസ്ഥർക്ക് പകരം ഡ്രൈവിങ് ടെസ്റ്റിന്റെ വിജയവും പരാജയവുമെല്ലാം സ്മാർട്ട് വാഹനം തന്നെയാവും തീരുമാനിക്കുന്നത്. ഓരോരുത്തരുടെയും റിസൽട്ട് ഈ സംവിധാനം നേരിട്ട് ട്രാഫിക് ഫയലിൽ രേഖപ്പെടുത്തുകയും ചെയ്യും. അബുദാബി, അൽ ദഫ്‌റ, അൽ ഐൻ എന്നിവിടനങ്ങളിലെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കേന്ദ്രങ്ങളിൽ ഈ സംവിധാനം ഉടൻ നടപ്പാക്കിത്തുടങ്ങുമെന്ന് അബുദാബി പോലീസ് മേധാവി മേജർ ജനറൽ എയർ മാർഷൽ ഫാരിസ് ഖലാഫ് അൽ മസ്‌റോയി അറിയിച്ചു.
ഗതാഗത സംവിധാനം കൂടുതൽ കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായാണ് ലൈസൻസ് ടെസ്റ്റും സ്മാർട്ടാക്കുന്നത്. സ്മാർട്ട് ടെസ്റ്റിനായുള്ള നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയ വാഹനങ്ങൾ ഇതിനോടകം തന്നെ വിവിധ കേന്ദ്രങ്ങൾക്ക് ലഭ്യമാക്കി. 19 ഓട്ടോമാറ്റിക് വാഹനങ്ങൾ, 13 മാനുവൽ വാഹനങ്ങൾ, 28 ബസുകൾ എന്നിവ ഇതിലുൾപ്പെടും.