മനാമ: അവയവം വില്‍പനക്കെന്ന് പറഞ്ഞ് വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. സ്വന്തം വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച ആഫ്രിക്കന്‍ പൗരനാണ് പിടിയിലായതെന്ന് സൈബര്‍ ക്രൈം പ്രോസിക്യൂഷന്‍ അറിയിച്ചു. പണത്തിനുവേണ്ടി തന്റെ ഒരു അവയവം വില്‍ക്കുകയാണെന്ന് തെറ്റായി അവകാശപ്പെട്ട് ഒരു വീഡിയോ ചിത്രീകരിക്കുകയും അത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
ഒപ്പിട്ട ഒരു ചെക്ക് കൈവശം വെച്ചും പണം വാങ്ങിയും നില്‍ക്കുന്നതായി വീഡിയോയില്‍ കാണിച്ചിരുന്നു. സൈബര്‍ ക്രൈം ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യുകയായിരുന്നു.
തമാശക്കും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനും വേണ്ടി മാത്രമാണ് വീഡിയോ ചെയ്തതെന്നും ഒരു വില്‍പനയും നടന്നിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. അതേസമയം, പൊലീസ് കൂടുതല്‍ അന്വേഷണം നടത്തണമെന്നും ചെക്ക് നല്‍കിയ ബാങ്കില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടാനും പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടു. 58.900 ദിനാറിന്റെ ചെക്കാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.