മനാമ: വ്യാജ എന്‍ജീയറിങ് ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് 13 വര്‍ഷം ബഹ്റൈന്‍ വൈദ്യുതി, ജല അതോറിറ്റിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്ത ഏഷ്യന്‍ പൗരന് 10 വര്‍ഷം തടവ് ശിക്ഷ. ഹൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
45 കാരന്റെ അക്കാദമിക് യോഗ്യതകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു യൂറോപ്യന്‍ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ ഹാജരാക്കിയിരുന്നത്. സര്‍വകലാശാല വ്യാജമാണെന്നും അംഗീകാരമില്ലാത്തതാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
2010 ലാണ് ഇയാള്‍ വൈദ്യുതി, ജല അതോറിറ്റിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ആയി ജോലിയില്‍ പ്രവേശിച്ചത്. 1,300 ബഹ്‌റൈന്‍ ദിനാര്‍ ആയിരുന്നു തുടക്കത്തില്‍ ശമ്പളം. 2022 ല്‍ പ്രമോഷന്‍ ലഭിച്ചതോടെ ശമ്പളം 2,208 ദിനാര്‍ ആയി ഉയര്‍ന്നു. കരാറുകള്‍ പുതുക്കുന്നതിനും ഇയാള്‍ ഈ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു.
സര്‍ട്ടിഫൈഡ് ട്രൂ കോപ്പി എന്ന സ്റ്റാംപ് പതിപ്പിച്ചാണ് ഇയാള്‍ ജോലിയ്ക്കായി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നത് സംശയത്തിന് ഇടനല്‍കിയില്ല. സര്‍ട്ടിഫിക്കറ്റിന് ഔദ്യോഗിക സ്റ്റേറ്റസ് നല്‍കുന്നത് ഈ സ്റ്റാംപ് ആയതിനാലാണ് സംശയിക്കാതെ വര്‍ഷങ്ങളായി കരാര്‍ പുതുക്കിയതെന്ന് അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.