മനാമ: കുട്ടികളുടെ ആരോഗ്യ സംരക്ഷണം കണക്കിലെടുത്ത് സൗദി അറേബ്യ മാതൃകയില്‍ സ്‌കൂള്‍ ബാഗ് ഉപയോഗത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി എംപിമാര്‍. സൗദിയിലെ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന്റെ സാധ്യത പഠിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ പാര്‍ലമെന്റില്‍ പ്രമേയം സമര്‍പ്പിച്ചു.
പാര്‍ലമെന്റിന്റെ സാമ്പത്തികകാര്യ സമിതി ചെയര്‍മാന്‍ അഹമ്മദ് അല്‍ സല്ലൂമിന്റെ നേതൃത്വത്തിലുള്ള സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്കിലെ എംപിമാരാണ് പ്രമേയം സമര്‍പ്പിച്ചത്. സ്‌കൂള്‍ ബാഗുകളുടെ ദുരുപയോഗം അല്ലെങ്കില്‍ നിലവാരമില്ലാത്ത രൂപകല്‍പ്പന എന്നിവ കാരണം നട്ടെല്ലിനും പേശികള്‍ക്കും ഉണ്ടാകാവുന്ന പരിക്കുകളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.
ബാഗിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തില്‍ കൂടരുത്, ശരീരത്തിന് അനുയോജ്യമായിരിക്കണം, നട്ടെല്ലിന് സംരക്ഷണം നല്‍കുന്നതിന് പാഡ് ചെയ്ത കോട്ടണ്‍ സപ്പോര്‍ട്ട് ഉണ്ടായിരിക്കണം എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. വിശാലവും മൃദുവുമായ ഷോള്‍ഡര്‍ സ്ട്രാപ്പുകള്‍, ഭാരം തുല്യമായി വിതരണം ചെയ്യാന്‍ സഹായിക്കുന്ന ഒന്നിലധികം അറകള്‍ എന്നിവയുടെ പ്രാധാന്യവും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ബാഗുകള്‍ ഭാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചതായിരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
ബഹ്റൈന്‍ ഈ മാതൃക പിന്തുടരണമെന്നും, കുട്ടികളുടെ ആരോഗ്യത്തിന് മറ്റെന്തിനേക്കാളും മുന്‍ഗണന നല്‍കണമെന്നും അല്‍ സല്ലൂം പറഞ്ഞു. സൗദി മാതൃക പ്രായോഗികവും ശാസ്ത്രീയവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നട്ടെല്ലിനും ശരീരനിലയ്ക്കും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചികിത്സിക്കാന്‍ നമ്മള്‍ ലക്ഷക്കണക്കിന് ദിനാറുകളാണ് പിന്നീട് ചെലവഴിക്കുന്നത്. ഈ മാനദണ്ഡങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കുന്നതിലൂടെ പണം മാത്രമല്ല, നമ്മുടെ ഭാവി തലമുറയുടെ ക്ഷേമവും നമുക്ക് സംരക്ഷിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.