മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ഖാലിദ് മുഹമ്മദ് കാനൂ (84) അന്തരിച്ചു. യൂസുഫ് ബിന്‍ അഹമ്മദ് കാനൂ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് മുഹമ്മദ് കാനൂ.
1941 ല്‍ മനാമയില്‍ ജനിച്ച ഖാലിദ് കാനൂ കൊമേഴ്സില്‍ പഠനം നടത്തുകയും പിന്നീട് അമേരിക്കയില്‍ നിന്നും അഡ്വാന്‍സ്ഡ് മാനേജ്മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കുകയും ചെയ്തു. 1969ല്‍ കുടുംബത്തിന്റെ ബിസിനസില്‍ പങ്കുചേര്‍ന്ന അദ്ദേഹം 1995ല്‍ മാനേജിങ് ഡയറക്ടറായി. പിന്നീട് ചെയര്‍മാനായി സേവനമനുഷ്ഠിച്ചു.
1890ലാണ് കാനൂ ഗ്രൂപ്പ് സ്ഥാപിതമായത്. മുഹമ്മദ് കാനുവിന്റെ നേതൃത്വത്തില്‍ പ്രാദേശിക, ആഗോള തലത്തില്‍ വ്യാപാരം, യാത്ര, ഷിപ്പിങ്, റിയല്‍ എസ്റ്റേറ്റ്, ലോജിസ്റ്റിക്‌സ് തുടങ്ങി മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു. ബഹ്റൈനിലെ ദേശീയ സ്ഥാപനങ്ങളിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ മുന്‍ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു. സാമ്പത്തിക വികസന ബോര്‍ഡില്‍ അംഗമായിരുന്നു. കൂടാതെ ബഹ്റൈന്‍ മോണിറ്ററി ഏജന്‍സിയുടെ (ഇപ്പോള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍) ബോര്‍ഡിലും അംഗവുമായിരുന്നു.
സാമ്പത്തിക മേഖലയ്ക്ക് പുറമേ, ആരോഗ്യ മേഖലയിലും ഖാലിദ് കാനൂവിന്റെ സംഭാവനകള്‍ വലുതാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ജോസ്ലിന്‍ ഡയബറ്റിസ് സെന്ററുമായി സഹകരിച്ച് ഗള്‍ഫ് ഡയബറ്റിസ് സ്‌പെഷ്യലിസ്റ്റ് സെന്റര്‍ സ്ഥാപിച്ചു. പ്രമേഹ ചികിത്സക്കും ഗവേഷണത്തിനുമായി രാജ്യത്ത് ആദ്യമായി ഒരു പ്രത്യേക സ്ഥാപനം ഒരുക്കിയത് അദ്ദേഹത്തിന്റെ ശ്രമഫലമായാണ്.