മനാമ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് 15 വയസ്സുകാരിയെ ചൂഷണം ചെയ്ത 17 കാരന്‍ പിടിയില്‍. ആഭ്യന്തര മന്ത്രാലയത്തിലെ സൈബര്‍ ക്രൈം ആന്‍ഡ് ഇക്കണോമിക് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് ചൈല്‍ഡ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ അംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെണ്‍കുട്ടിയെ സമീപിച്ചതെന്ന് 17 കാരന്‍ പബ്ലിക് പ്രോസിക്യൂഷനോട് പറഞ്ഞു. പിന്നീട് പെണ്‍കുട്ടിയെ ആകര്‍ഷിച്ച് മോശമായ വീഡിയോകള്‍ ആവശ്യപ്പെട്ടതായും പ്രതി സമ്മതിച്ചു. പ്രതിയെ വിചാരണയ്ക്ക് മുമ്പ് തടങ്കലില്‍ വയ്ക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.
കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശിച്ചു. കേസില്‍ അന്വേഷണം തുടരുകയാണ്. അതേസമയം, കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം അത്യന്താപേക്ഷിതമാണെന്ന് ഫാമിലി ആന്‍ഡ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ മേധാവി ഓര്‍മിപ്പിച്ചു.