മനാമ: നിരോധിത പുകയില ഉല്‍പ്പന്നം ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് പേരെ രണ്ടാം മൈനര്‍ ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ഒന്നാം പ്രതിയായ ഗള്‍ഫ് പൗരന് മൂന്ന് വര്‍ഷം തടവും 60,000 ബഹ്റൈന്‍ ദിനാര്‍ പിഴയും ശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ ഏഷ്യന്‍ പൗരന് ആറ് മാസം തടവും ശിക്ഷ വിധിച്ചു.
പിടിച്ചെടുത്ത സാധനങ്ങളും കള്ളക്കടത്തിന് ഉപയോഗിച്ച ടാങ്കറും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. തുറമുഖം വഴി ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ച നാല് ടണ്‍ തംബാക്കാണ് പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ കസ്റ്റംസ് അഫയേഴ്സില്‍ നിന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
നികുതി വെട്ടിപ്പ് കുറ്റകൃത്യ വിഭാഗം ഉടന്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെയും ഷിപ്പിംഗ്, ക്ലിയറന്‍സ് കമ്പനികളിലെ ജീവനക്കാരെയും ചോദ്യം ചെയ്തു. തുടര്‍ന്നാണ് പ്രതികള്‍ പിടിയിലാകുന്നത്.