മനാമ: തപാല്‍ സേവനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും ലളിതവുമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ബഹ്റൈന്‍ പോസ്റ്റ് ഇലക്ട്രോണിക് പാഴ്സല്‍ ലോക്കര്‍ സേവനം ആരംഭിച്ചു. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് ഈ സേവനത്തിന് തുടക്കം കുറിച്ചത്.
ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള തപാല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സേവനം എന്ന് മന്ത്രാലയത്തിലെ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് തപാല്‍ സര്‍വീസസ് അണ്ടര്‍ സെക്രട്ടറി ഫാത്തിമ അബ്ദുല്ല അല്‍ ദആന്‍ പറഞ്ഞു. പാഴ്സല്‍ ശേഖരണത്തിന് പ്രായോഗികവും സൗകര്യപ്രദവുമായ മാര്‍ഗങ്ങള്‍ പുതിയ സേവനം പ്രാദാനം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇലക്ട്രോണിക് ലോക്കറുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് പോസ്റ്റ് ഓഫിസുകള്‍ സന്ദര്‍ശിക്കാതെയും നിശ്ചിത സമയപരിധിയില്ലാതെയും പാഴ്‌സലുകള്‍ സുരക്ഷിതമായി സ്വീകരിക്കാന്‍ സാധിക്കും. ലോക്കറിന്റെ ലൊക്കേഷനും ഒരു കോഡും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് പാഴ്‌സലുകള്‍ ശേഖരിക്കാം. കൂടാതെ ഈ കോഡ് ഉപയോഗിച്ച് മറ്റൊരു വ്യക്തിയെ പാഴ്‌സല്‍ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്യാം.
പ്രധാന ഷോപ്പിംഗ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഇലക്ട്രോണിക് ലോക്കറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പോസ്റ്റ്ഓഫീസ് പ്രവര്‍ത്തന സമയത്തിന് ശേഷവും ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് പാഴ്‌സലുകള്‍ ശേഖരിക്കാന്‍ ഇത് സഹായിക്കുന്നു.
സീഫ് മാള്‍ (സീഫ് ഡിസ്ട്രിക്റ്റ്, മുഹറഖ്, ഇസ ടൗണ്‍), മറാസി ഗാലേറിയ, ദി അവന്യൂസ്, സൂഖ് അല്‍-ബറഹ, ഡ്രാഗണ്‍ സിറ്റി, സാര്‍ മാള്‍ എന്നിവിടങ്ങളില്‍ നിലവില്‍ ഇലക്ട്രോണിക് ലോക്കറുകള്‍ ലഭ്യമാണ്. സേവനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഓരോ സ്ഥാപനത്തിന്റെയും പ്രവൃത്തി സമയത്ത് ഉപഭോക്താക്കള്‍ക്ക് ലോക്കറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.