മനാമ: ടിസിഎസ് സിഡ്നി മാരത്തോണ്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ബഹ്റൈനി വനിതയായി നൂര്‍ അല്‍ ഹുലൈബി. 42.195 കിലോമീറ്റര്‍ ദൂരമുള്ള മാരത്തോണ്‍ 2025 ലെ ഏഴാം അബോട്ട് വേള്‍ഡ് മാരത്തോണ്‍ മെജര്‍ ആയി ഔദ്യോഗികമായി അംഗീകരിച്ചതാണ്.
ഏകദേശം 35,000 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. അബോട്ട് വേള്‍ഡ് മാരത്തോണ്‍ മേജേഴ്സ് പരമ്പരയ്ക്ക് കീഴില്‍ സിഡ്നിയില്‍ നടക്കുന്ന ആദ്യ മത്സരമാണിത്. എത്യോപ്യന്‍ താരം ഹൈലെ മറിയമാണ് ഒന്നാമതെത്തിയത്. 2 മണിക്കൂര്‍, 6 മിനിറ്റ്, 6 സെക്കന്‍ഡ് സമയം എടുത്താണ് മറിയം ഓട്ടം പൂര്‍ത്തിയാക്കിയത്.
ഡച്ച് മിഡില്‍ ഡിസ്റ്റന്‍സ് താരം സിഫാന്‍ ഹസ്സന്‍ ഏറ്റവും വേഗതയേറിയ വനിതാ ഓട്ടക്കാരിയായി. 2 മണിക്കൂര്‍ 18 മിനിറ്റ് 22 സെക്കന്‍ഡ് സമയം എടുത്ത് മത്സരം പൂര്‍ത്തിയാക്കിയാണ് സിഫാന്‍ ഹസ്സന്‍ ഒന്നാമതെത്തിയത്. നോര്‍ത്ത് സിഡ്നിയിലെ മില്ലര്‍ സ്ട്രീറ്റിനും സിഡ്നി ഓപ്പറ ഹൗസ് ഫോര്‍കോര്‍ട്ടിനും ഇടയിലാണ് മാരത്തോണ്‍ ട്രാക്ക് ക്രമീകരിച്ചിരുന്നത്.