മനാമ: വിദേശത്ത് കുടുങ്ങിയ 30 ബഹ്റൈനികളെ സുരക്ഷിതമായി തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തിരിച്ചെത്തിച്ചവരില്‍ കൂടുതലും കുടുംബങ്ങളും കുട്ടികളുമാണ്. ഒരു ഹോട്ടലുമായുള്ള കരാറില്‍ പ്രാദേശിക ട്രാവല്‍ ഏജന്‍സി വരുത്തിയ പ്രശ്‌നങ്ങളാണ് ബഹ്റൈനികളെ കുടുക്കിയത്.
സംഭവത്തെക്കുറിച്ച് മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ലഭിച്ച ഉടനെ ബന്ധപ്പെട്ട രാജ്യത്തെ ബഹ്റൈന്‍ എംബസിയുമായി ബന്ധപ്പെട്ടെന്ന് മന്ത്രാലയത്തിലെ കോണ്‍സുലര്‍ സര്‍വീസസ് സെക്ടര്‍ മേധാവി അംബാസഡര്‍ ഇബ്രാഹിം മുഹമ്മദ് അല്‍ മെസല്‍മാനി പറഞ്ഞു. പൗരന്മാരെ രാജ്യത്തേക്ക് മടക്കികൊണ്ടുവരാനുള്ള എല്ലാ ക്രമീകരണങ്ങളും ഉടനെ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ടൂറിസം നിയമപ്രകാരം ടൂറിസം മേല്‍നോട്ട വകുപ്പ് ട്രാവല്‍ ഏജന്‍സിക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി അറിയിച്ചു. ട്രാവല്‍ ഏജന്‍സി ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടുകയും ഉടമയെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തു.