മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷങ്ങളോടനുബന്ധിച്ച് അന്തരിച്ച പിന്നണി ഗായകന്‍ പി ജയചന്ദ്രന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ രവി മേനോന്‍. പി ജയചന്ദ്രന്‍ മ്യൂസിക്കല്‍ അവാര്‍ഡും പി ജയചന്ദ്രന്റെ ഗാനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗാനമേളയുമാണ് പരിപാടിയില്‍ നടക്കുക.
മലയാളത്തിലെ പ്രമുഖ ഗാനങ്ങളുമായി ബന്ധപ്പെടുത്തിയും ഗാനങ്ങള്‍ക്ക് പുറകിലുള്ള ചരിത്രത്തെക്കുറിച്ചും രവി മേനോന്‍ സംസാരിക്കുന്ന ‘വസന്തകാലത്തിന്റെ ഓര്‍മ്മകളിലൂടെ’ എന്ന പ്രോഗ്രാമിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള പറഞ്ഞു.
സെപ്റ്റംബര്‍ നാലിന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന മുഖാമുഖം പരിപാടിയില്‍ പി ഭാസ്‌കരന്‍, വയലാര്‍, ശ്രീകുമാരന്‍ തമ്പി, ഒഎന്‍വി കുറുപ്പ്, അര്‍ജുനന്‍ മാഷ്, ദേവരാജന്‍, എംഎസ് വിശ്വനാഥന്‍, എംബി ശ്രീനിവാസ് തുടങ്ങിയ സംഗീത പ്രതിഭകളുടെ ജീവിതത്തെയും സംഗീത സംഭാവനകളെയും അനുസ്മരിച്ച് സംസാരിക്കുന്നതായിരിക്കുമെന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ശ്രാവണം ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം 7.30 മുതല്‍ ആരംഭിക്കുന്ന പി ജയചന്ദ്രന്റെ ഗാനങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഗാനമേളയില്‍ പ്രമുഖ പിന്നണിഗായകരായ പന്തളം ബാലന്‍, രവിശങ്കര്‍, പ്രമീള തുടങ്ങിയവരും പങ്കെടുക്കും.