മനാമ: സ്വകാര്യ മേഖലയില്‍ നിര്‍ബന്ധിത വാര്‍ഷിക വേതന വര്‍ദ്ധനവ് നടപ്പാക്കണമെന്ന ആവശ്യവുമായി എംപി ജലാല്‍ കയ്ദം അല്‍ മഹ്ഫൂദ്. തൊഴില്‍ സ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനും പൗരന്മാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനുമായി വേതന വര്‍ദ്ധനവ് നടപ്പാക്കണം എന്നാണ് ആവശ്യം.
2012 ലെ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള കരട് എംപി അവതരിപ്പിച്ചു. തുടര്‍ച്ചയായി രണ്ട് കലണ്ടര്‍ വര്‍ഷം സേവനം പൂര്‍ത്തിയാക്കുന്ന ഓരോ ബഹ്റൈന്‍ ജീവനക്കാരനും അടിസ്ഥാന ശമ്പളത്തിന്റെ 2.5 ശതമാനത്തില്‍ കുറയാത്ത വാര്‍ഷിക വര്‍ദ്ധനവ് തൊഴിലുടമകള്‍ നല്‍കണമെന്നാണ് ആവശ്യം.
ജീവനക്കാരന്‍ ഒരേ തൊഴിലുടമയില്‍ ജോലി ചെയ്യുന്ന കാലയളവില്‍ ഈ വര്‍ദ്ധനവ് വര്‍ഷം തോറും ബാധകമായിരിക്കും.
അതേസമയം, ആറ് മാസത്തില്‍ താഴെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവര്‍, ദിവസവേതന തൊഴിലാളികള്‍, പാര്‍ട്ട് ടൈം ജീവനക്കാര്‍, ശമ്പളത്തിന് പകരം പ്രതിമാസ അലവന്‍സില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരെ കരട് പ്രപ്പോസലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.