മനാമ: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ബഹ്റൈന്‍ നാഷണല്‍ പോര്‍ട്ടല്‍ വഴി പുതുക്കിയ ഇ-കീ സിസ്റ്റം ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് ഹജ്ജ്, ഉംറ കാര്യങ്ങള്‍ക്കായുള്ള സുപ്രീം കമ്മിറ്റി അറിയിച്ചു.
ഹജ്ജ് നടപടികളുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ലഭിക്കുന്നതിന് അപേക്ഷകര്‍ ദേശീയ ‘നോട്ടിഫിക്കേഷന്‍സ്’ സിസ്റ്റത്തില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിരിക്കണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു. അപേക്ഷകര്‍ക്ക് സാധുവായ ഒരു ഐഡി കാര്‍ഡും ആവശ്യമാണ്. ഓരോ അപേക്ഷകനും തങ്ങളോടൊപ്പം നാല് പേരെ വരെ അപേക്ഷയില്‍ ഉള്‍പ്പെടുത്താം. സുപ്രീം കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ എല്ലാ വിശദാംശങ്ങളും കൃത്യമായി പൂരിപ്പിക്കുകയും വേണം.
രജിസ്‌ട്രേഷന്‍ പ്രക്രിയയുടെ ഭാഗമായി അപേക്ഷകരും കൂടെയുള്ളവരും തിരിച്ചറിയല്‍ പരിശോധനക്ക് വിധേയരാകണം. അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഹജ്ജ് നിര്‍വഹിക്കുന്നതിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരായിരിക്കണം. രജിസ്‌ട്രേഷന്‍ കാലയളവ് അവസാനിച്ച ശേഷം, ആവശ്യകതകള്‍ പാലിക്കുന്നവര്‍ക്ക് പ്രാഥമിക അനുമതി ലഭിക്കും. മുന്‍ഗണനാ ക്രമത്തിലും അപേക്ഷിച്ചതിന്റെ ക്രമത്തിലുമായിരിക്കും തെരഞ്ഞെടുപ്പ്.
ഔദ്യോഗികമായി അനുമതി ലഭിച്ച തീര്‍ഥാടകര്‍ക്ക് സെപ്റ്റംബര്‍ 16 മുതല്‍ താല്‍പര്യമുള്ള ഹജ്ജ് കാമ്പയിന്‍ തെരഞ്ഞെടുക്കാനും പാക്കേജ് തുകയുടെ ഭാഗമായി ഒരാള്‍ക്ക് 150 ബഹ്റൈന്‍ ദിനാര്‍ അടച്ച് ബുക്കിങ് ഉറപ്പിക്കാനും സാധിക്കും. കൂടാതെ ഏകീകൃത ഇലക്ട്രോണിക് കരാറില്‍ ഒപ്പിടുകയും വേണം.