മനാമ: മാലിന്യം ശരിയായ രീതിയില്‍ മൂടാതെ കൊണ്ടുപോകുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കാപിറ്റല്‍ ട്രസ്റ്റീസ് അതോറിറ്റി. ട്രക്കുകള്‍ നിരീക്ഷിക്കുന്നതിനും നിയമലംഘനങ്ങള്‍ കണ്ടെത്താനും പിഴ ചുമത്താനും ലക്ഷ്യമിട്ടുള്ള കാമ്പയിന്‍ ആരംഭിച്ചതായി അതോറിറ്റി അറിയിച്ചു.
2019 ലെ പൊതു ശുചിത്വ നിയമം നമ്പര്‍ (10) പ്രകാരമാണ് നിയമ നടപടി സ്വീകരിക്കുക. നിയമം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് ഉടനടി പിഴ ചുമത്തും. നിയമത്തിലെ ആര്‍ട്ടിക്കിള്‍ 9 അനുസരിച്ച് മാലിന്യം കൊണ്ടുപോകുന്ന ട്രക്കുകള്‍ നല്ലനിലയില്‍ സൂക്ഷിക്കുകയും, യാത്രക്കിടയില്‍ മാലിന്യം പുറത്തേക്ക് വീഴുകയോ ചോരുകയോ ചെയ്യാത്ത രീതിയില്‍ ഭദ്രമായി മൂടുകയും വേണം.
മാലിന്യ ട്രക്കുകള്‍ ശരിയായ രീതിയില്‍ മൂടാതെ പോകുന്നത് പൊതുജനാരോഗ്യത്തിനും റോഡ് സുരക്ഷക്കും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണിയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. കാമ്പയിന്റെ ഭാഗമായി തലസ്ഥാന നഗരിയിലെ മാലിന്യ ട്രക്കുകളില്‍ പതിവ് പരിശോധനകള്‍ നടത്തും. തുറന്ന ട്രക്കുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ മുനിസിപ്പല്‍ ഹോട്ട്ലൈനുകളില്‍ അറിയിക്കാനും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.