മനാമ: സൽമാനിയയിലെ ഒരു വീട്ടിൽ ഉണ്ടായ തീപ്പിടിത്തം സിവിൽ ഡിഫൻസ് അണച്ചു. ആർക്കും പരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു മുറിയിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിൽ നിന്നുള്ള തീപ്പൊരിയിൽ നിന്നാണ് തീ പടര്‍ന്നതെന്ന് കുടുംബാംഗം പറഞ്ഞു.
വീട്ടിലെ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചപ്പോഴേക്കും പടര്‍ന്നുപിടിച്ചെന്നും അപകടത്തില്‍ വീട് പൂര്‍ണമായും കത്തി നശിച്ചെന്നും കുടുംബാംഗം പറഞ്ഞു. ഏഴ് പേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ആര്‍ക്കും പരിക്കില്ല.
കുടുംബവും വീട്ടുജോലിക്കാരനും തീ പടര്‍ന്നു പിടിച്ചതോടെ വീട് വിട്ട് പുറത്തിറങ്ങിയതിനാല്‍ വലിയൊരു അപകടം ഒഴിവായി. അഞ്ച് സിവിൽ ഡിഫൻസ് ഫയർ ട്രക്കുകൾ സംഭവസ്ഥലത്ത് വേഗത്തിൽ എത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.