മനാമ: ബഹ്‌റൈനില്‍ നാളെ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. രാത്രി 8:30 തോടെ ആകാശത്ത് പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നില്‍ക്കുന്നതാണ് ഗ്രഹണമെന്ന് ജ്യോതിശാസ്ത്ര ഗവേഷകനായ മുഹമ്മദ് റെദ അല്‍ അസ്ഫൂര്‍ പറഞ്ഞു. നഗ്ന നേത്രങ്ങള്‍കൊണ്ട് ചന്ദ്രഗ്രഹണം കാണാവുന്നതാണ്.
വൈകുന്നേരം 5:44 ന് ചന്ദ്രന്‍ ഉദിക്കുകയും 7:27 ന് ഗ്രഹണം ഭാഗികമായി ആരംഭിക്കുകയും ചെയ്യും. തുടര്‍ന്ന് 8.30 മുതല്‍ 9.52 വരെ ചന്ദ്രന്‍ പൂര്‍ണമായി ഭൂമിയുടെ നിഴലിലേക്ക് പ്രവേശിക്കും. 82 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പൂര്‍ണഗ്രഹണമാണിത്. രാത്രി 11:55 ഓടെ ചന്ദ്രന്‍ പൂര്‍ണമായും മറയ്ക്കപ്പെടും.
ബഹ്റൈന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി അലുംനി ക്ലബ്ബുമായി സഹകരിച്ച് ചന്ദ്രഗ്രഹണം കാണാന്‍ അവസരമൊരുക്കുന്നുണ്ട്. അദ്ലിയയിലെ അലുംനി ക്ലബ്ബിന്റെ ലൈബ്രറി ഹാളില്‍ വൈകുന്നേരം 6.30 മുതല്‍ പരിപാടി നടക്കും. ഗ്രഹണങ്ങളുടെ ശാസ്ത്രം വിശദീകരിക്കുന്ന പ്രഭാഷണങ്ങള്‍, ടെലിസ്‌കോപ്പ് വഴിയുള്ള തത്സമയ നിരീക്ഷണം, വലിയ സ്‌ക്രീനില്‍ ഗ്രഹണത്തിന്റെ തത്സമയ പ്രദര്‍ശനം എന്നിവ ഉണ്ടാകും. പരിപാടിയില്‍ പങ്കെടുക്കാന്‍ 38990011 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം.
2018 ജൂലൈ മാസത്തിന് ശേഷം ബഹ്‌റൈനില്‍ ദൃശ്യമാകുന്ന പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണിത്. ജ്യോതിശാസ്ത്ര പ്രേമികളും ഫോട്ടോഗ്രാഫര്‍മാരും ഈ അപൂര്‍വ സംഭവം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അല്‍ അസ്ഫൂര്‍ നിര്‍ദേശിച്ചു. ലോക ജനസംഖ്യയുടെ 60 ശതമാനത്തിനും ഏഴാം തീയതിയിലെ ഗ്രഹണം കാണാം എന്നതാണ് എറ്റവും വലിയ പ്രത്യേകത. ഇത് കഴിഞ്ഞാല്‍ 2028 ഡിസംബര്‍ 31 നാണ് പൂര്‍ണ ചന്ദ്രഗ്രഹണം ബഹ്‌റൈനില്‍ നിന്നും കാണാനാവുക.