സൗദി വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണശ്രമം; ആളില്ലാ അഞ്ച് വിമാനങ്ങള്‍ സൗദി സുരക്ഷാസേന തകര്‍ത്തു

റിയാദ്: സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണശ്രമം. വെള്ളിയാഴ്ച രാവിലെ നടന്ന ആക്രമണശ്രമത്തിൽ ഹൂതികളുടെ ആളില്ലാ അഞ്ച് വിമാനങ്ങള്‍ സൗദി സുരക്ഷാസേന തകര്‍ത്തു.

സിവിലിയന്‍ പ്രദേശങ്ങളിലേക്ക് ഹൂതികള്‍ നിരന്തരം ആക്രമണം നടത്തുകയാണെന്ന് സഖ്യസേന ആരോപിച്ചു. അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ഇതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ തങ്ങള്‍ക്ക് എല്ലാ അധികാരവുമുണ്ടെന്നും സൗദി അറിയിച്ചു. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമ ഗതാഗതം സാധാരണ നിലയില്‍ തന്നെയാണെന്നും വിമാനങ്ങളൊന്നും വൈകിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.