മനാമ: പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ഏഷ്യന്‍ സ്ത്രീ പ്രതിയായ മനുഷ്യക്കടത്ത് കേസ് ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യാന്‍ ഉത്തരവിട്ടതായി മനുഷ്യക്കടത്ത് പ്രോസിക്യൂഷന്റെ ആക്ടിംഗ് ഹെഡ് അറിയിച്ചു. സെപ്റ്റംബര്‍ 9 ന് ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ നടക്കും.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് ഫോറന്‍സിക് എവിഡന്‍സിലെ ആന്റി-ഹ്യൂമന്‍ ട്രാഫിക്കിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിനാണ് ഏഷ്യന്‍ പൗരയെ അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത ബഹ്റൈനിലേക്ക് കൊണ്ടുവന്ന യുവതിയാണ് പരാതി നല്‍കിയത്.
ബഹ്‌റൈനില്‍ എത്തിയതോടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു. സ്വാതന്ത്ര്യം നിഷേധിച്ച് ഒരു അപ്പാര്‍ട്ട്‌മെന്റില്‍ തടഞ്ഞുനിര്‍ത്തിയ യുവതിയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി, നാഷണല്‍ കമ്മിറ്റി ടു കോംബാറ്റ് ഹ്യൂമന്‍ ട്രാഫിക്കിംഗ് നടത്തുന്ന ഷെല്‍ട്ടറില്‍ യുവതിയെ പ്രവേശിപ്പിച്ചു.
പരാതി ലഭിച്ചയുടനെ അന്വേഷണം ആരംഭിച്ചതായി പ്രോസിക്യൂഷന്‍ ആക്ടിംഗ് ഹെഡ് സ്ഥിരീകരിച്ചു. കേസിന്റെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതിന് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കി. അന്വേഷണം പൂര്‍ത്തിയാക്കി തെളിവുകള്‍ പരിശോധിച്ച ശേഷം, പ്രോസിക്യൂഷന്‍ പ്രതിയെ ക്രിമിനല്‍ കോടതിയില്‍ വിചാരണയ്ക്കായി റഫര്‍ ചെയ്യുകയായിരുന്നു.