മനാമ: റസ്റ്റോറന്റുകളിലെ മെനുവില്‍ കലോറി വിവരങ്ങള്‍ നിര്‍ബന്ധമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാക്കി ജനപ്രതിനിധികള്‍. ഈ നിയമം നടപ്പാക്കാത്ത ഏക ഗള്‍ഫ് രാജ്യമാണ് ബഹ്റൈന്‍. അതുകൊണ്ട് ജനുവരി 1 മുതല്‍ നിയമം അടിയന്തരമായി നടപ്പാക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങളും മുനിസിപ്പല്‍ നേതാക്കളും ആവശ്യപ്പെട്ടു.
നിയമം 2018ല്‍ ബഹ്റൈന്‍ അംഗീകരിച്ചിരുന്നുവെങ്കിലും നടപ്പാക്കിയിട്ടില്ല. ഇതിനിടെ സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ ഈ നിയമം നടപ്പാക്കി. ഈ നിയമം ആദ്യം നിര്‍ദേശിച്ച ബഹ്റൈന്‍ ഇപ്പോള്‍ ഏറ്റവും പിന്നിലായി നില്‍ക്കുന്നത് നാണക്കേടാണെന്ന് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡന്റും പാര്‍ലമെന്റിന്റെ സാമ്പത്തികകാര്യ സമിതി ചെയര്‍മാനുമായ അഹമ്മദ് അല്‍ സല്ലൂം എംപി പറഞ്ഞു.
ബഹ്റൈനിലെ കൗമാരക്കാരില്‍ മൂന്നിലൊന്നുപേരും അമിതഭാരമുള്ളവരാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന് കാരണം പഞ്ചസാര, കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണരീതികളാണ്. ഈ സാഹചര്യത്തില്‍, ആളുകള്‍ക്ക് ആരോഗ്യപരമായ തീരുമാനങ്ങളെടുക്കാന്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണെന്ന് അല്‍ സല്ലൂം എംപി പറഞ്ഞു.
ആളുകള്‍ കഴിക്കുന്നതെന്താണെന്ന് അറിയാന്‍ അവര്‍ക്ക് അവകാശമുണ്ട്. ഭൂരിഭാഗം സ്ഥാപനങ്ങള്‍ക്കും കലോറി വിവരങ്ങള്‍ ലഭ്യമായതിനാല്‍, ശരിയായ സമ്മര്‍ദ്ദമുണ്ടെങ്കില്‍ വേഗത്തില്‍ ഈ നിയമം നടപ്പാക്കാന്‍ ബഹ്റൈനും സാധിക്കുമെന്ന് ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സന്‍ ഖുലൂദ് അല്‍ ഖത്താന്‍ പറഞ്ഞു.