മനാമ: രാജ്യത്തെ നഴ്സുമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക്. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി ആവശ്യമാണെന്ന് നിയമസഭാംഗങ്ങള്‍ പറഞ്ഞു. നിലവില്‍ ബഹ്റൈനിലെ നഴ്സുമാരില്‍ 90 ശതമാനവും വിദേശികളാണെന്നും ഇത് രാജ്യത്തിന്റെ ദീര്‍ഘകാല ആരോഗ്യ സുരക്ഷക്ക് വെല്ലുവിളിയാണെന്നും ബ്ലോക്ക് വിലയിരുത്തി.
സ്ട്രക്ച്ചറല്‍ തിങ്കിങ് ബ്ലോക്കിന്റെ പ്രസിഡന്റും പാര്‍ലമെന്റിന്റെ സാമ്പത്തികകാര്യ സമിതി ചെയര്‍മാനുമായ അഹമ്മദ് അല്‍ സല്ലൂം എംപിയാണ് ഈ നിര്‍ദേശത്തിന് നേതൃത്വം നല്‍കിയത്. സമഗ്രമായ ഒരു ദേശീയ നയം രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നഴ്സിംഗ് വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനും ബഹ്റൈന്‍ വിദ്യാര്‍ത്ഥികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും ദീര്‍ഘകാലം നഴ്സിങ് ജോലിയില്‍ തുടരാന്‍ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനുമുള്ള സമഗ്രമായ ഒരു ദേശീയ നയം രൂപീകരിക്കണം എന്നാണ് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് ആവശ്യപ്പെട്ടത്.
ബഹ്റൈന്‍ ഒരു ‘സ്വയംപര്യാപ്ത’ ആരോഗ്യ സംരക്ഷണ വര്‍ക്ക്‌ഫോഴ്സ് വികസിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനും നിര്‍ദേശിച്ചു.
ബഹ്റൈനിലുള്ള 10,299 ലൈസന്‍സുള്ള നഴ്സുമാരില്‍ 90 ശതമാനവും വിദേശികളാണ്. സര്‍ക്കാര്‍ മേഖലയില്‍ ഏകദേശം 7,600 ഉം സ്വകാര്യ മേഖലയില്‍ ഏകദേശം 2,700 നഴ്‌സുമാരുമുണ്ട്. ഇപ്പോഴത്തെ നഴ്‌സിങ് ക്ഷാമം പരിഹരിക്കാന്‍ രാജ്യത്തിന് 3,000 നഴ്സുമാരെ ആവശ്യമുണ്ടെന്ന് അല്‍ സല്ലൂം എംപി പറഞ്ഞു. ഈ അക്കാദമിക് വര്‍ഷം 4,000 സ്‌കോളര്‍ഷിപ്പുകള്‍ അനുവദിച്ചതില്‍ 300 എണ്ണം നഴ്‌സിങ്ങിനാണ്. ഇത് പ്രോത്സാഹജനകമായ ഒരു നീക്കമാണെങ്കിലും നിലവിലെ ആവശ്യത്തിന് ഇത് പര്യാപ്തമല്ലെന്ന് അല്‍ സല്ലൂം ചൂണ്ടിക്കാട്ടി.