മനാമ: ‘പ്രവാചകന്‍ നീതിയുടെ സാക്ഷ്യം’ എന്ന പ്രമേയത്തില്‍ ഫ്രന്‍ഡ്സ് സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന ക്യാമ്പയിന് തുടക്കമായി. റിഫ ദിശ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് സുബൈര്‍ എംഎം ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സഈദ് റമദാന്‍ നദ്വി ക്യാമ്പയിന്‍ പരിപാടികള്‍ വിശദീകരിച്ചു.
‘പ്രവാചക ജീവിതത്തെയും ദര്‍ശനത്തെയും പൊതുജനങ്ങള്‍ക്കിടയില്‍ കാലികമായ ഭാഷയില്‍ പ്രചരിപ്പിക്കുക എന്നതാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. നീതി നിഷേധം ഇന്ന് സര്‍വ മേഖലകളിലും സംഭവിച്ചു കൊണ്ടിരിക്കുന്നു. പാവപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ ഹനിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പലയിടത്തും അശാന്തിയുടെ കാര്‍മേഘങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്.
എല്ലായിടത്തും നീതി സ്ഥാപിക്കപ്പെടുക എന്നത് പ്രവാചക ദര്‍ശനത്തിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നാണ്. നീതി പുലരുമ്പോഴാണ് ലോകത്ത് ശാന്തിയും സമാധാനവും സാധ്യമാവുക. നീതിക്ക് വേണ്ടി നിലകൊള്ളുക എന്നത് ഏതൊരു വിശ്വാസിയുടെയും നിര്‍ബന്ധ ബാധ്യത കൂടിയാണ്. അത് സ്വന്തക്കാര്‍ക്ക് എതിരായാല്‍ പോലും അതില്‍ നിന്ന് പിന്നോട്ട് പോകരുതെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്.’
ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയില്‍ വൈസ് പ്രസിഡന്റ് ജമാല്‍ നദ്വി ഇരിങ്ങല്‍, അസി. ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എന്നിവരും സംസാരിച്ചു. ഏരിയാ പ്രസിഡന്റുമാരായ മൂസ കെ ഹസന്‍, മുഹമ്മദ് മുഹിയുദ്ദീന്‍, അബ്ദുല്‍ റഊഫ്, വനിതാ വിഭാഗം പ്രസിഡന്റ് ലൂന ഷഫീഖ്, അബ്ദുല്‍ ഹഖ്, അബ്ദുന്നാസര്‍, അഹ്‌മദ് റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.