മനാമ: നിയമ ലംഘനത്തെ തുടര്‍ന്ന് പിടിയിലായ 54 പ്രവാസികളെ ബഹ്‌റൈനില്‍ നിന്നും നാടുകടത്തി. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) എല്ലാ ആഴ്ചകളിലും നടത്തിവരാറുള്ള പരിശോധനയിലാണ് നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 6 വരെയുള്ള കാലയളവില്‍ 871 പരിശോധന കാമ്പയിനുകളും സന്ദര്‍ശനങ്ങളും എല്‍എംആര്‍എ നടത്തി.
എല്ലാ ഗവര്‍ണറേറ്റുകളിലുമായി 860 കടകളിലാണ് പരിശോധന നടത്തിയത്. ഇതിനുപുറമെ 11 സംയുക്ത പരിശോധന കാമ്പയിനുകളും നടത്തി. നിയമലംഘകരായ 16 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘനങ്ങള്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമം, ബഹ്റൈനിലെ റെസിഡന്‍സി നിയമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി നിയമലംഘനങ്ങള്‍ ഈ പരിശോധനകളില്‍ കണ്ടെത്തി. തൊഴില്‍ വിപണിയുടെ സ്ഥിരതയെയും മത്സരശേഷിയെയും ദോഷകരമായി ബാധിക്കുന്ന നിയമലംഘനങ്ങള്‍ തടയുന്നതിനായി എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ തുടരുമെന്ന് എല്‍എംആര്‍എ അറിയിച്ചു.