മനാമ: 95-ാമത് സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ‘മനവ്വറ ബഷൂഫത്‌കോം’ എന്ന പേരില്‍ ടൂറിസം കാമ്പയിന്‍ ആരംഭിച്ചതായി ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി (ബിടിഇഎ) അറിയിച്ചു. ഈ മാസം 23 നാണ് സൗദി ദേശീയ ദിനം ആഘോഷിക്കുന്നത്.
പങ്കുവെക്കപ്പെട്ട ചരിത്രത്തിലും ഉറച്ച ബന്ധങ്ങളിലും വേരൂന്നിയതാണ് ബഹ്റൈന്‍-സൗദി ബന്ധമെന്നും ഇരു രാജ്യങ്ങളിലെ ജനങ്ങളുടെ പ്രയോജനത്തിനായി ഭാവിയില്‍ സഹകരണം വിശാലമാക്കാനും ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ബിടിഇഎ സിഇഒ സാറ അഹമ്മദ് ബുഹെജ്ജി പറഞ്ഞു.
ബഹ്റൈന്റെ ആതിഥ്യമര്യാദയെ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ടൂറിസം അനുഭവങ്ങള്‍ കാമ്പയിന്‍ വാഗ്ദാനം ചെയ്യും. സെപ്റ്റംബര്‍ അവസാനം വരെ സാംസ്‌കാരിക, വിനോദ, കലാ പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി നടക്കും.
സെപ്റ്റംബര്‍ 18 ന് ഷെറാട്ടണ്‍ ഹോട്ടലില്‍ ജോണ്‍ അഷ്‌കറിന്റെ കോമഡി, സെപ്റ്റംബര്‍ 19 ന് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ടാമര്‍ ഹോസ്നിയുടെ കോണ്‍സേര്‍ട്ട്, സെപ്റ്റംബര്‍ 25 ന് എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ (ഇഡബ്ല്യുബി) ബില്‍ ബറിന്റെ അന്താരാഷ്ട്ര ഷോ, സെപ്റ്റംബര്‍ 25-26 തീയതികളില്‍ കള്‍ച്ചറല്‍ ഹാളില്‍ സാദ് അല്‍ ഔദിന്റെ രണ്ട് പ്രകടനങ്ങള്‍ എന്നിവ കാമ്പയിനിലെ പ്രധാന പരിപാടികളാണ്.
സിറ്റി സെന്റര്‍ ബഹ്റൈന്‍, ദി അവന്യൂസ്, മറാസി ഗാലേറിയ എന്നിവയുള്‍പ്പെടെയുള്ള ഷോപ്പിംഗ് മാളുകളില്‍ സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ പരമ്പരാഗത ഷോകളും നാടോടി പ്രകടനങ്ങളും നടക്കും. ഡ്രാഗണ്‍ സിറ്റിയിലെ സാംസ്‌കാരിക, പൈതൃക പരിപാടികള്‍, അല്‍ ജസ്ര ഹാന്‍ഡിക്രാഫ്റ്റ്‌സ് സെന്ററിലും ബാനി ജംറ ടെക്‌സ്‌റ്റൈല്‍ ഫാക്ടറിയിയും കരകൗശല വര്‍ക്ക്‌ഷോപ്പുകള്‍, ബഹ്‌റൈന്‍ നാഷണല്‍ മ്യൂസിയത്തിലും വിവിധ പരിപാടികള്‍ നടക്കും.
കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഹോട്ടലുകളുമായും റിസോര്‍ട്ടുകളുമായും സഹകരിച്ച് ബിടിഇഎ 40 പ്രത്യേക ടൂറിസം പാക്കേജുകളും ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.bahrain.com ലും ബിടിഇഎ മൊബൈല്‍ ആപ്ലിക്കേഷനിലും ലഭ്യമാണ്.