മനാമ: ഇസ്രായേല്‍ ആക്രമണത്തില്‍ ഖത്തറിന് പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് ബഹ്‌റൈന്‍ ശൂറ കൗണ്‍സിലും പ്രതിനിധി കൗണ്‍സിലും. ഖത്തറിന്റെ സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ സംരക്ഷിക്കുന്നതിനും പ്രദേശത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഖത്തറിനെതിരായ ഇസ്രായേലി ആക്രമണത്തെ കൗണ്‍സിലുകള്‍ അപലപിക്കുകയും ഖത്തറിന്റെ പരമാധികാരത്തിന്റെ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെയും കണ്‍വെന്‍ഷനുകളുടെയും ലംഘനവുമാണിതെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഖത്തറിനെ പിന്തുണയ്ക്കുന്നതില്‍ ബഹ്‌റൈന്റെ ഉറച്ചതും അചഞ്ചലവുമായ നിലപാട് കൗണ്‍സിലുകള്‍ അറിയിച്ചു.
പ്രാദേശിക സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനായി സംഘര്‍ഷം കുറയ്ക്കണമെന്ന ഖത്തറിന്റെ നിരന്തരമായ ആഹ്വാനത്തെ എടുത്തുപറഞ്ഞു. ബഹ്റൈനും ഖത്തറും തമ്മിലുള്ള ശക്തമായ ബന്ധത്തേയും കൗണ്‍സിലുകള്‍ പ്രശംസിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തുടരുമെന്ന് പ്രത്യാശിക്കുന്നതായും കൗണ്‍സിലുകള്‍ പറഞ്ഞു.