മനാമ: നഗരവികസന പദ്ധതിയുടെ ഭാഗമായി മുഹറഖ് ഗവര്‍ണറേറ്റില്‍ ഒരു ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. 12,000 ചതുരശ്ര മീറ്ററിലായി 72 പുതിയ പൂന്തോട്ടങ്ങളും ഹരിത ഇടങ്ങളും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.
മുഹറഖിന്റെ സാംസ്‌കാരിക, വാസ്തുവിദ്യാ തനിമ നിലനിര്‍ത്തിക്കൊണ്ട് നഗരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമാണ് ഈ വികസനമെന്ന് മുനിസിപ്പാലിറ്റി കാര്യ, കാര്‍ഷിക മന്ത്രി വഈല്‍ അല്‍ മുബാറക് പറഞ്ഞു. ബഹ്റൈനിന്റെ ചരിത്രപരമായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനുള്ള ഹമദ് രാജാവിന്റെ ഉത്തരവ് അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഈ പദ്ധതി ബഹ്റൈന്‍ വിഷന്‍ 2030 ന്റെ തത്ത്വങ്ങളുമായി യോജിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ചരിത്രപരമായ സ്ഥലങ്ങള്‍ പുനസ്ഥാപിക്കുക, പൊതുഇടങ്ങള്‍ മെച്ചപ്പെടുത്തുക, ബഹ്റൈനിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക അടയാളങ്ങളിലൊന്നായ നഗരത്തിന്റെ പങ്ക് ശക്തിപ്പെടുത്തുക എന്നിവയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മ്മിച്ച ഇസാ അല്‍ കബീര്‍ കൊട്ടാരം പുനരുദ്ധരിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഭാഗം. ഭരണകുടുംബത്തിന്റെ ആസ്ഥാനവും സര്‍ക്കാര്‍ കാര്യാലയവുമായിരുന്നു ഈ കൊട്ടാരം.