മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെസിഇസി) 2025-26 ഭരണ സമതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നടത്തി. സെപ്തംബര്‍ 9 ചൊവ്വാഴ്ച്ച വൈകിട്ട് 7.30ന് കെസിഎ ഓഡിറ്റോറിയത്തില്‍ കെസിഇസി പ്രസിഡന്റ് റവ. അനീഷ് സാമുവേല്‍ ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച്, കാത്തോലിക്ക സഭ നോര്‍ത്തേണ്‍ അറേബ്യയുടെ അപ്പസ്‌തോലിക വികാരി ബിഷപ്പ് മോസ്റ്റ് റവ. ആല്‍ഡോ ബറാര്‍ഡി ഉദ്ഘാടനം ചെയ്തു.
കെസിഇസി അംഗങ്ങളായ വൈദീകരുടെ നേത്യത്വതില്‍ 2025-26 ഭരണ സമതിയുടെ സമര്‍പ്പണ ശുശ്രൂഷയോട് ആരംഭിച്ച യോഗത്തിന് ജനറല്‍ സെക്രട്ടറി ജോമോന്‍ മലയില്‍ ജോര്‍ജ്ജ് സ്വാഗതം അറിയിച്ചു. പ്രവര്‍ത്തന വര്‍ഷത്തിലെ തീം ആയ ‘വാക്കിംഗ് ഇന്‍ ഫെയ്ത് ടുഗെതര്‍’ (വിശ്വാസത്തില്‍ ഒരുമിച്ച് നടക്കാം) എന്ന വിഷയത്തെപറ്റി റവ. ഫാദര്‍ ജേക്കബ് കല്ലുവിള സംസാരിച്ചു. അതോടൊപ്പം ലോഗോയുടെ പ്രകാശനവും നടന്നു.
ബഹ്‌റൈന്‍ സിഎസ്‌ഐ മലയാളി പാരീഷ് ഗായക സ്ംഘത്തിന്റെ ഗാനങ്ങളും ഉണ്ടായിരുന്നു. കെസിഎ പ്രസിഡന്റ് ജെയിംസ് ജോണ്‍ ആശംസ അറിയിച്ചു. 2025-26 ഭരണ സമതി അംഗങ്ങളെ പരിചയപ്പെടുത്തുകയും, മുഖ്യാതിഥിയായ ബിഷപ്പ് മോസ്റ്റ് റവ. ആല്‍ഡോ ബറാര്‍ഡിക്കും, തീം നിര്‍ദേശിച്ച ഡിജു ജോണ്‍ മാവേലിക്കരക്കും ലോഗോ സമര്‍പ്പിച്ച അനുജ ജേക്കബിനും കെസിഇസിയുടെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ട്രഷറാര്‍ ജെറിന്‍ രാജ് സാം നന്ദി അറിയിച്ചു.