മനാമ: ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയിലെ ഒരു അംഗം കൊല്ലപ്പെട്ടതില്‍ ബഹ്റൈന്‍ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തെയും നേതൃത്വത്തെയും സര്‍ക്കാരിനെയും ജനങ്ങളെയും ബഹ്റൈന്‍ അനുശോചന സന്ദേശത്തില്‍ അഭിസംബോധന ചെയ്തു.
ഖത്തറിന്റെ സുരക്ഷ, പരമാധികാരം, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന നടപടികളില്‍ ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും പിന്തുണയും ആവര്‍ത്തിച്ച് വ്യക്തമാക്കി. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.