മനാമ: ഫുഡ് ട്രക്ക് വ്യാപാരം ചെയ്യാനുള്ള അനുമതി ബഹ്റൈനികള്‍ക്ക് മാത്രമാക്കുന്ന ബില്‍ പാര്‍ലമെന്റില്‍. ബില്‍ പ്രകാരം തൊഴിലാളികളായി പ്രവാസികളെ നിയമിക്കാന്‍ പാടില്ല. ജംഗ്ഷനുകളില്‍ നിന്ന് 50 മീറ്റര്‍ അകലെയായി രാവിലെ 6 മുതല്‍ അര്‍ദ്ധരാത്രി വരെ വ്യാപാരം നടത്താം.
ഫുഡ് ട്രക്കിന് അപേക്ഷിക്കുന്നവര്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സില്‍ നിന്നും അനുമതി നേടണം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് നിയുക്ത പാര്‍ക്കിംഗിനായി മുനിസിപ്പല്‍ ക്ലിയറന്‍സും നേടണം.
ഫുഡ് ട്രക്കുകള്‍ നിര്‍ത്തിയിടാന്‍ പ്രോപ്പര്‍ട്ടി ഉടമയില്‍ നിന്ന് രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്. റോഡ് ജംഗ്ഷനുകള്‍, റൗണ്ട്എബൗട്ടുകള്‍, ട്രാഫിക് ലൈറ്റുകള്‍ എന്നിവയില്‍ നിന്ന് 50 മീറ്റര്‍ അകലം പാലിച്ചായിരിക്കണം വ്യാപാരം നടത്തേണ്ടത്. ട്രക്കിനും എല്ലാ വശങ്ങളിലുമുള്ള മറ്റ് വാഹനങ്ങള്‍ക്കും ഇടയില്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലവും ഉണ്ടായിരിക്കണം.
വൈദ്യുതി കണക്ഷനുകള്‍ സുരക്ഷിതമായിരിക്കണം, മാലിന്യങ്ങള്‍ ശരിയായ ബിന്നുകളില്‍ സ്ഥാപിച്ച് സ്ഥലം വൃത്തിയായി സൂക്ഷിക്കണം, പൊതുസുരക്ഷയും സിവില്‍ ഡിഫന്‍സ് നിയമങ്ങളും പാലിക്കണം, സമീപത്തെ കെട്ടിടങ്ങളെ ശല്യപ്പെടുത്തുന്ന ശബ്ദം ഒഴിവാക്കണം, ഉപകരണങ്ങളോ ഫര്‍ണിച്ചറുകളോ ഉപേക്ഷിക്കാന്‍ പാടില്ല തുടങ്ങിയ നിയമങ്ങളും ഫുഡ് ട്രക്കുകള്‍ പാലിക്കണം.