മനാമ: മതിയായ സുരക്ഷ ഒരുക്കാത്ത മനാമയിലെ പ്രശസ്തമായ മാളിനെതിരെ പരാതിയുമായി ബഹ്റൈനി യുവാവ്. മാളിന്റെ ഇന്‍ഡോര്‍ കളിസ്ഥലത്ത് കളിക്കുന്നതിനിടെ തന്റെ കുട്ടിക്ക് പരിക്ക് പറ്റിയെന്ന് ബഹ്റൈനി പിതാവ് പരാതിപ്പെട്ടു. കുട്ടിയുടെ കാലില്‍ രണ്ട് ഒടിവുകള്‍ സംഭവിച്ചിട്ടുണ്ട്.
കുട്ടികളുടെ കളിസ്ഥലത്ത് സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ലെന്ന് യുവാവ് ആരോപിച്ചു. ‘ഒരു സ്ത്രീ മാത്രമാണ് വന്നത്. അവര്‍ കാഷ്യറാണ്, സെക്യൂരിറ്റിയാണ്, അവരാണ് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ പ്രതികരിക്കാന്‍ അവര്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ലെന്ന് തോന്നി.’, കുട്ടിയുടെ പിതാവ് പറഞ്ഞു.
കളിസ്ഥലത്തിന്റെ രൂപകല്‍പ്പന കുട്ടികള്‍ക്ക് അപകടമുണ്ടാക്കുന്നതാണെന്നും ഇദ്ദേഹം ആരോപിച്ചു. തന്റെ മകളെ കളിക്കാന്‍ അനുവദിക്കുന്നതിന് മുമ്പ് ഒരു കരാറില്‍ ഒപ്പുവെച്ചിരുന്നുവെന്നും എന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ പിന്നീടാണ് മനസ്സിലായതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
ഹെല്‍മെറ്റ്, കയ്യുറകള്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളെക്കുറിച്ച് ഓപ്പറേറ്റര്‍ കുടുംബങ്ങളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസിലും വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റിലും പരാതികള്‍ നല്‍കിയിട്ടുണ്ട്.