മനാമ: സമീപ വര്‍ഷങ്ങളിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ചൂടേറിയതുമായ വേനല്‍ക്കാലത്തിന് ബഹ്റൈന്‍ വിടപറയാന്‍ ഒരുങ്ങുന്നു. 93 ദിവസവും 15 മണിക്കൂറും നീണ്ട വേനല്‍ക്കാലമായിരുന്നു ഈ വര്‍ഷം ബഹ്‌റൈനില്‍. ജ്യോതിശാസ്ത്രപരമായി സെപ്റ്റംബര്‍ 22ന് രാത്രി 9.19ന് ശരത്കാലം ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ അലി അല്‍ ഹജ്രി അറിയിച്ചു.
89 ദിവസവും 20 മണിക്കൂറും 43 മിനിറ്റും നീണ്ടുനില്‍ക്കുന്ന ശരത്കാലം ആയിരിക്കും ഇത്തവണത്തേത്. പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 35 ഡിഗ്രി സെല്‍ഷ്യസിലേക്കും രാത്രി താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍നിന്ന് 27 ഡിഗ്രി സെല്‍ഷ്യസിലേക്കും കുറയും. എന്നാല്‍ ആര്‍ദ്രത ഉയര്‍ന്ന നിലയില്‍ തുടരും.
ഒക്ടോബര്‍ അവസാനത്തോടെ രാത്രികളില്‍ തണുപ്പ് കൂടുതലായി അനുഭവപ്പെടാന്‍ തുടങ്ങും. നവംബര്‍ അവസാനത്തോടെ പകല്‍ സമയത്തെ താപനില കുറയുകയും ചെയ്യും. വേനലില്‍നിന്ന് ശൈത്യത്തിലേക്കുള്ള മാറ്റം ക്രമേണയായിരിക്കും. കുട്ടികളിലും പ്രായമായവരിലും സീസണല്‍ രോഗങ്ങള്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. രാജ്യത്ത് ദേശാടനപ്പക്ഷികളുടെ വരവ് കൂടുമെന്നും അല്‍ ഹജ്രി പറഞ്ഞു.