മനാമ: കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഗെയിമുകള്‍ വാങ്ങി നല്‍കുന്ന മാതാപിതാക്കള്‍ ഗെയിമിന്റെ ഉള്ളടക്കം പരിശോധിക്കണമെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ ഡോ. ഒസാമ ബഹര്‍. ഗെയിമുകളുടെ പ്രായ പരിധി പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ചില ഗെയിമുകളില്‍ അസഭ്യ വാക്കുകള്‍, ചൂതാട്ടം, അനുചിതമായ വസ്ത്രധാരണം, ലഹരിവസ്തുക്കള്‍ തുടങ്ങിയവയുടെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇത്തരം ഗെയിമുകള്‍ കുട്ടികള്‍ക്ക് അനുയോജ്യമല്ലെന്നും ഡോ. ഒസാമ ബഹര്‍ പറഞ്ഞു. ആധുനിക ഡിജിറ്റല്‍ യുഗത്തില്‍ വീഡിയോ ഗെയിമുകളുടെ ജനപ്രീതി വര്‍ധിച്ചതിനാല്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലെ അല്‍ അമാന്‍ ഷോയില്‍ സംസാരിക്കവെ പറഞ്ഞു.
കൂടാതെ, കുട്ടികളുടെ ഗെയിമിംഗ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എളുപ്പമാകുന്ന തരത്തില്‍ ഗെയിമിങ് സാമഗ്രികളും സ്‌ക്രീനും വീടിന്റെ തുറന്ന സ്ഥലങ്ങളില്‍ വെക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ലിവിംഗ് റൂം പോലുള്ള എല്ലാവരും കടന്നുപോകുന്ന സ്ഥലങ്ങളില്‍ സ്‌ക്രീന്‍ സ്ഥാപിക്കുക. അതുവഴി കുട്ടി എന്താണ് കളിക്കുന്നതെന്നും എന്താണ് കേള്‍ക്കുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും എല്ലാവര്‍ക്കും കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.