മനാമ: ക്ലീനിങ് ജോലി വാഗ്ദാനം ചെയ്ത് ബഹ്‌റൈനില്‍ എത്തിച്ച 33 കാരിയായ ഏഷ്യന്‍ പ്രവാസി യുവതിയെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചെന്ന് പരാതി. ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ഒക്ടോബര്‍ 14ന് വിധി പറയും.
തൊഴില്‍ അവസരത്തെക്കുറിച്ച് തന്റെ നാട്ടിലെ സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബഹ്‌റൈനിലെത്തിയതാണ് യുവതി. തുടര്‍ന്ന് കേസില്‍ പ്രതിയായ 38കാരി യുവതിക്ക് വിമാന ടിക്കറ്റും വിസയും അയച്ചു കൊടുത്തു. താമസസൗകര്യവും ഇവര്‍ ഉറപ്പ് നല്‍കിയിരുന്നു.
ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തിയ യുവതിക്ക് താമസ സ്ഥലത്തേക്ക് എത്താന്‍ ടാക്‌സി സൗകര്യമൊരുക്കിയതും പ്രതിയായ യുവതിയാണ്. അപ്പാര്‍ട്ട്‌മെന്റിലെത്തിയ ഉടന്‍ തന്നെ യുവതിയുടെ പക്കല്‍ നിന്ന് പാസ്‌പോര്‍ട്ട് പിടിച്ചുവാങ്ങുകയും പുറത്ത് പോകുന്നത് വിലക്കുകയും ചെയ്തു. അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയും ചെയ്തു.
തുടര്‍ന്ന് യുവതി താമസ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് പൊലീസില്‍ അഭയം തേടി. അപ്പാര്‍ട്ട്‌മെന്റില്‍ മറ്റൊരു യുവതിയും താമസിച്ചിരുന്നുവെന്നും ഇവരെ തേടി ദിവസേന ആളുകള്‍ എത്തിയിരുന്നതായും യുവതി പൊലീസിനെ അറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയും യുവതിയെ അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയും ചെയ്തുവെന്ന് കണ്ടെത്തി. ഇവര്‍ക്കെതിരെ മനുഷ്യക്കടത്തിനാണ് പബ്ലിക് പ്രോസിക്യൂഷന്‍ കേസെടുത്തിരിക്കുന്നത്.